Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; 52 ദിവസത്തിന് ശേഷം ബോട്ടുകള്‍ വീണ്ടും കടലിലേക്ക്

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; 52 ദിവസത്തിന് ശേഷം ബോട്ടുകള്‍ വീണ്ടും കടലിലേക്ക്

Prabhashakan 2 weeks ago

കൊല്ലം: സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇതോടെ നീണ്ട കാലത്തിന് ശേഷം മത്സ്യബന്ധന ബോട്ടുകള്‍ വീണ്ടും കടലിലേക്ക് ഇറങ്ങും.

സമൃദ്ധമായ മത്സ്യലഭ്യതയും മികച്ച വരുമാനവും പ്രതീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും പുതിയ സീസണിനെ വരവേല്‍ക്കുന്നത്.

കൊല്ലം ജില്ലയിലെ നീണ്ടകര, അഴീക്കല്‍, ശക്തികുളങ്ങര തുടങ്ങിയ ഹാർബറുകളില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയായി. ആദ്യഘട്ടത്തില്‍ ജില്ലയില്‍ നിന്ന് ആയിരത്തോളം ബോട്ടുകളാണ് കടലിലേക്ക് പോകുന്നത്. ബോട്ടുകളുടെ എൻജിൻ അറ്റകുറ്റപ്പണികള്‍, പെയിന്റിങ്, മത്സ്യബന്ധന വലകളുടെ അറ്റകുറ്റപ്പണി എന്നിവ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കി.

വെള്ളിയാഴ്ച രാവിലെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കിയ ബോട്ടുകള്‍ നീണ്ടകര പാലത്തിന് സമീപത്തേക്ക് മാറ്റും. രാത്രി 12 മണിക്ക് ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ പാലത്തില്‍ സ്ഥാപിച്ചിരുന്ന ചങ്ങല മാറ്റി ബോട്ടുകള്‍ കടലിലേക്ക് യാത്രതിരിക്കും.

മത്സ്യബന്ധനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും ഹാർബറുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഐസ് പ്ലാന്റുകളും മറൈൻ ഇന്ധന പമ്പുകളും പൂർണ സജ്ജമായി പ്രവർത്തനം ആരംഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ബോട്ടുകളിലേക്ക് ഐസും ഇന്ധനവും എത്തിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.

ഓരോ ബോട്ടും കടലിലേക്ക് ഇറക്കാൻ നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവാകുന്നുണ്ടെന്ന് ബോട്ട് ഉടമകള്‍ പറയുന്നു. 52 ദിവസത്തെ തൊഴില്‍ നഷ്ടത്തിന് ശേഷം വലിയ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികള്‍ പുതിയ സീസണിലേക്ക് കടക്കുന്നതെന്നും അവർ പറയുന്നു.

അതേസമയം, ട്രോളിങ് നിരോധന കാലത്ത് തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ കേരളത്തിന്റെ സമുദ്രാതിർത്തി ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയെന്ന പരാതിയും ബോട്ട് ഉടമകള്‍ ഉയർത്തി. സംസ്ഥാന സർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള മേഖലകളില്‍ ഫലപ്രദമായ പരിശോധന നടന്നില്ലെന്നും ഇതുമൂലം മത്സ്യസമ്പത്തിന് തിരിച്ചടി നേരിട്ടെന്നും അവർ ആരോപിച്ചു.

ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ വിപണിയില്‍ മത്സ്യലഭ്യത വർധിക്കുമെന്നും നിലവില്‍ ഉയർന്നിരിക്കുന്ന മീൻവിലയില്‍ കുറവ് ഉണ്ടാകുമെന്നും മത്സ്യവ്യാപാരികളും പ്രതീക്ഷ പ്രകടിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan