Dailyhunt
ഈസ്റ്റര്‍ കഴിഞ്ഞുപോകുന്ന ഒരു സ്മരണയല്ല, മറിച്ച്‌ പ്രത്യാശയിലേക്ക് തുറക്കുന്ന ഒരു അടയാളമാണ്: കര്‍ദിനാള്‍ പിറ്റ്‌സബല്ല

ഈസ്റ്റര്‍ കഴിഞ്ഞുപോകുന്ന ഒരു സ്മരണയല്ല, മറിച്ച്‌ പ്രത്യാശയിലേക്ക് തുറക്കുന്ന ഒരു അടയാളമാണ്: കര്‍ദിനാള്‍ പിറ്റ്‌സബല്ല

Prabhashakan 1 week ago

യുദ്ധത്തിന്റെയും വിലാപങ്ങളുടെയും നടുവില്‍ നില്‍ക്കുന്ന വിശുദ്ധ നാട്ടില്‍ പ്രത്യാശയുടെയും അതിജീവനത്തിന്റെയും വലിയ സന്ദേശവുമായി ജറുസലേം ലത്തീൻ പാത്രിയർക്കീസ് കർദിനാള്‍ പിയർബത്തിസ്ത്ത പിറ്റ്‌സബല്ല.

തിരു കല്ലറയുടെ ദേവാലയത്തില്‍ (Holy Sepulchre) നടന്ന ഈസ്റ്റർ ജാഗരണ ശുശ്രൂഷയ്ക്കിടെയാണ് അദ്ദേഹം ലോകത്തിന് സമാധാനത്തിന്റെ സന്ദേശം നല്‍കിയത്. യുദ്ധം വിതയ്ക്കുന്ന നാശത്തിന്റെ ശബ്ദങ്ങള്‍ക്കിടയിലും ദൈവത്തിന്റെ വചനം നിശബ്ദതയെ ഭേദിച്ച്‌ ഉയരുന്നുവെന്ന് കർദിനാള്‍ പറഞ്ഞു.

"നമ്മുടെ യുദ്ധങ്ങള്‍ അവസാനിച്ചിട്ട് പുനരുത്ഥാനത്തിന്റെ വിത്തുകള്‍ പാകാമെന്ന് ദൈവം കരുതുന്നില്ല. ഇരുട്ടിലും, നിശബ്ദതയിലും, അടഞ്ഞുകിടക്കുന്ന കല്ലറയ്ക്കുള്ളിലും ദൈവം തന്റെ പ്രവൃത്തി ആരംഭിക്കുന്നു," അദ്ദേഹം ഓർമ്മിപ്പിച്ചു. തളർന്നതും പരീക്ഷിക്കപ്പെട്ടതുമായ വിശ്വാസവുമായി നില്‍ക്കുന്ന മനുഷ്യരെ ദൈവം താങ്ങിനിർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുവിശേഷത്തിലെ സ്ത്രീകളുടെ ചോദ്യമായ "ആര് നമുക്കായി കല്ല് ഉരുട്ടി മാറ്റും?" എന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണെന്ന് കർദിനാള്‍ ചൂണ്ടിക്കാട്ടി. യുദ്ധവും വേദനയും തീർത്ത കല്ലറകള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്ന മനുഷ്യത്വത്തിന്റെ ചോദ്യമാണിത്. എന്നാല്‍, ആ കല്ല് മനുഷ്യന്റെ ശക്തിയാലല്ല, മറിച്ച്‌ ദൈവത്തിന്റെ സ്നേഹത്താലാണ് നീക്കപ്പെട്ടതെന്നും, മരണം അവസാന വാക്കല്ല എന്നതിന്റെ വലിയ തെളിവാണ് ശൂന്യമായ ആ കല്ലറയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ക്രിസ്തു മരണത്തെ ഒഴിവാക്കുകയല്ല, മറിച്ച്‌ അതിനെ നേരിടുകയാണ് ചെയ്തതെന്ന് അനുസ്മരിച്ച അദ്ദേഹം, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീരത്തില്‍ പീഡാനുഭവത്തിന്റെ മുറിപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നും എടുത്തുപറഞ്ഞു. എന്നാല്‍, ആ മുറിപ്പാടുകള്‍ പരാജയത്തിന്റെ അടയാളങ്ങളല്ല, മറിച്ച്‌ മരണത്തെ കീഴടക്കിയതിന്റെ മുദ്രകളാണ്. ഇതുപോലെ, നമ്മുടെ ജീവിതത്തിലെ മുറിവുകളെയും തകർച്ചകളെയും പ്രകാശമാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്ന് കർദിനാള്‍ ഓർമ്മിപ്പിച്ചു.

വിശ്വാസം എന്നത് കേവലം ഒരു ഓർമ്മയല്ലെന്നും, മറിച്ച്‌ ജീവിതത്തിലെ ഓരോ നിമിഷവും പ്രത്യാശയോടെ ജീവിക്കാനുള്ള കരുത്താണ്. "കല്ലറയ്ക്ക് മുന്നില്‍ തളർന്നിരിക്കരുത്, പ്രത്യാശയുടെ ശില്പികളായി മാറണം. നിരാശയുടെയും വിദ്വേഷത്തിന്റെയും കല്ലുകള്‍ ഹൃദയത്തില്‍ നിന്ന് നീക്കം ചെയ്യണം," കർദിനാള്‍ ആഹ്വാനം ചെയ്തു. ശൂന്യമായ കല്ലറ ചരിത്രത്തെ മായ്‌ക്കുന്ന ഒരു ശൂന്യതയല്ലെന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

"അവൻ നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്ക് പോകുന്നു" (മത്തായി 28:7) എന്ന മത്തായി ശ്ലീഹായുടെ വാക്കുകള്‍ ഓർമ്മപ്പെടുത്തിക്കൊണ്ട്, ഉയിർത്തെഴുന്നേറ്റവൻ നമ്മെ കല്ലറയില്‍ തുടരാൻ ക്ഷണിക്കുന്നില്ല മറിച്ച്‌ മുൻപോട്ടു പോകുവാൻ നമുക്ക് പ്രത്യാശ പകരുന്നുവെന്നു അദ്ദേഹം എടുത്തുപറഞ്ഞു.

ലോകത്തിലെ കല്ലുകള്‍ക്ക് മുന്നില്‍ നിശ്ചലമായി നില്‍ക്കരുത്, മറിച്ച്‌ നമുക്ക് കഴിയുന്നിടത്തോളം, അനുരഞ്ജനത്തിന്റെ അടയാളങ്ങളും, പ്രത്യാശയുടെ നിർമ്മിതിക്കാരും ആയിക്കൊണ്ട് "ജീവനുള്ള കല്ലുകള്‍" ആയിത്തീരണമെന്ന ആഹ്വാനവും കർദിനാള്‍ നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan