Dailyhunt
ഇറാഖില്‍ ക്രൈസ്തവ അസ്തിത്വം ഭീഷണിയില്‍; ഐഎസ് പതനത്തിന് ശേഷവും വെല്ലുവിളികള്‍ രൂക്ഷമെന്ന് റിപ്പോര്‍ട്ട്

ഇറാഖില്‍ ക്രൈസ്തവ അസ്തിത്വം ഭീഷണിയില്‍; ഐഎസ് പതനത്തിന് ശേഷവും വെല്ലുവിളികള്‍ രൂക്ഷമെന്ന് റിപ്പോര്‍ട്ട്

Prabhashakan 1 week ago

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അഴിച്ചുവിട്ട വംശഹത്യയുടെ ആഘാതത്തില്‍ നിന്ന് ഇറാഖിലെ ക്രൈസ്തവ സമൂഹം ഇപ്പോഴും മുക്തമായിട്ടില്ലെന്ന് റിപ്പോർട്ട്.

ഐഎസ് പരാജയപ്പെട്ട് വർഷങ്ങള്‍ പിന്നിട്ടിട്ടും ക്രൈസ്തവരടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ കനത്ത വെല്ലുവിളികളാണ് നേരിടുന്നതെന്ന് അന്താരാഷ്ട്ര വസ്തുതാന്വേഷണ സംഘം വ്യക്തമാക്കുന്നു. കത്തോലിക്ക സന്നദ്ധ സംഘടനയായ 'എയിഡ് ടു ദി ചർച്ച്‌ ഇൻ നീഡ്' സംഘടിപ്പിച്ച കൂടിക്കാഴ്ചയിലാണ് ഈ പാർലമെന്ററി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്.

2017 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭരണത്തിന് അന്ത്യമായെങ്കിലും കുടിയിറക്കപ്പെട്ട ക്രൈസ്തവ കുടുംബങ്ങള്‍ക്ക് ഇന്നും സ്വന്തം മണ്ണിലേക്ക് മടങ്ങാനായിട്ടില്ല. പല മേഖലകളിലും പുനർനിർമ്മാണ പ്രവർത്തനങ്ങള്‍ തീർത്തും മന്ദഗതിയിലാണ്. തകർന്ന വീടുകളും ദേവാലയങ്ങളും തിരിച്ചുപിടിക്കാൻ സാധിക്കാത്തത് പുരാതനമായ ഈ സമൂഹത്തിന്റെ ഭാവി അപകടത്തിലാക്കുന്നു.

വടക്കൻ ഇറാഖിലെ പല പ്രദേശങ്ങളിലും പ്രാദേശിക സായുധ സംഘങ്ങള്‍ ചെലുത്തുന്ന സ്വാധീനം ജനങ്ങളില്‍ ഭയവും അസ്ഥിരതയും സൃഷ്ടിക്കുന്നുണ്ട്. സൈനികമായ സുരക്ഷാ പുരോഗതി ചിലയിടങ്ങളില്‍ ഉണ്ടായെങ്കിലും ക്രൈസ്തവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ അത് പര്യാപ്തമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇറാഖിലെ കുർദിസ്ഥാൻ മേഖലയില്‍ നേരിട്ട് സന്ദർശനം നടത്തിയാണ് പ്രതിനിധി സംഘം റിപ്പോർട്ട് തയ്യാറാക്കിയത്. "ശക്തമായ സർക്കാർ നടപടികളും അന്താരാഷ്ട്ര പിന്തുണയും അടിയന്തരമായി ലഭ്യമായില്ലെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ഈ ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും."- റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഐ എസ് ഭീകരതയുടെ ഇരകളായ ക്രിസ്ത്യൻ യാസിദി വിഭാഗങ്ങളുടെ പുനരധിവാസത്തിനായി ആഗോളതലത്തില്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ വേണമെന്നാണ് സന്നദ്ധ സംഘടനകളുടെ ആവശ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan