ദിനം പ്രതി പത്തിലധികം കുട്ടികളാണ് ലെബനനില്‍ നടന്നുവരുന്ന ആക്രമണങ്ങളുടെ ഇരകളാകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.
ദീർഘനാളുകളായി ലെബനന് നേരെ ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനേകം കുട്ടികള്‍ക്ക് പരിക്കേറ്റുവെന്നും ചിലർ കൊല്ലപ്പെട്ടുവെന്നും മെയ് 30 ശനിയാഴ്ച സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ച ഒരു സന്ദേശത്തിലൂടെ യൂണിസെഫ് അറിയിച്ചു.
ലഭ്യമായ വാർത്തകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ കുട്ടികളുടെ എണ്ണം 77 ആയി ഉയർന്നുവെന്ന് ശിശുക്ഷേമനിധി എക്‌സില്‍ എഴുതി. ഇതനുസരിച്ച് ഒരു ദിവസം 11 കുട്ടികളാണ് ഈ കിരാത ആക്രമണത്തിന്റെ ഇരകളാകുന്നത്.
കുഞ്ഞുങ്ങള്‍ ഒരു കാരണവശാലും സംഘർഷങ്ങളുടെ ഇരകളാക്കരുതെന്നും, എല്ലായ്‌പ്പോഴും അവർ സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട യൂണിസെഫ്, ശത്രുതകള്‍ അവസാനിക്കണമെന്നും എഴുതി.
കഴിഞ്ഞ മാർച്ച് മാസം മുതല്‍ ഇതുവരെയുള്ള ദിനങ്ങളില്‍ രാജ്യത്ത് മൂവ്വായിരത്തിമുന്നൂറില്‍പ്പരം ആളുകള്‍ കൊല്ലപ്പെട്ടുവെന്നും, പതിനായിരത്തില്‍പ്പരം ആളുകള്‍ക്ക് പരിക്കേറ്റുവെന്നും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷങ്ങള്‍ക്ക് അറുതിവരുത്തുന്നതിന്റെ ഭാഗമായി മെയ് 15-ന് ഇരുരാജ്യങ്ങളും വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലും, ഇപ്പോഴും ലെബനന് നേരെ ഇസ്രായേല്‍ ആക്രമണം തുടരുന്നുണ്ട്.

