വത്തിക്കാൻ സിറ്റിയിലെ ജീവനക്കാരുടെ ദൈനംദിന ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ഫിയറ്റ് 30 ഇലക്‌ട്രിക് വാഹനങ്ങള്‍ കൈമാറും.
പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്ക് മാറുന്നതിനും വത്തിക്കാന്റെ വാഹനങ്ങളില്‍ നിന്നുള്ള കാർബണ്‍ മലിനീകരണം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. 'ഇക്കോളജിക്കല്‍ കണ്‍വേർഷൻ 2030' പദ്ധതിയുടെ ഭാഗമായാണ് ഈ സംഭാവന.
വത്തിക്കാൻ ജീവനക്കാരുടെ ദൈനംദിന ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിരിക്കും ഈ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഉപയോഗിക്കുക. പദ്ധതിയുടെ ഒന്നാം ഘട്ടമായി 20 'ടോപ്പൊലിനോ' മോഡല്‍ കുഞ്ഞൻ ഇലക്‌ട്രിക് കാറുകള്‍ ജൂണ്‍ 30 - ന് നടന്ന ചടങ്ങില്‍ വത്തിക്കാന് കൈമാറി. വത്തിക്കാൻ ഗവർണറേറ്റ് പ്രതിനിധികളും ഫിയറ്റ് സി.ഇ.ഒ ഒലിവിയർ ഫ്രാൻസ്വയും ചടങ്ങില്‍ പങ്കെടുത്തു. ബാക്കി 10 'ട്രിസ്' മോഡല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ വൈകാതെ തന്നെ കൈമാറും.
വാഹനങ്ങള്‍ മാറ്റുന്നതിനൊപ്പം ഊർജ്ജ കാര്യക്ഷമത വർധിപ്പിക്കുക, പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുക, മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുക, വനവല്‍ക്കരണം തുടങ്ങിയ വിപുലമായ പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളും വത്തിക്കാന്റെ ഈ പദ്ധതിയിലുണ്ട്. അന്തരീക്ഷ മലിനീകരണം പൂർണ്ണമായും ഇല്ലാതാക്കുന്ന ലോകത്തിലെ ആദ്യത്തെ ഹരിത സംസ്ഥാനങ്ങളിലൊന്നായി മാറുക എന്നതാണ് വത്തിക്കാന്റെ ലക്ഷ്യം.
Share this:

