ഗ്രീക്ക് തത്വചിന്തകനും ഗണിത ശാസ്ത്രജ്ഞനുമായ പൈതഗോറസിന്റെ നിരീക്ഷണം ആണ് ഈ വാചകം. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ആണ് അദ്ദേഹം വ്യക്തമാക്കുന്നത്.
കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസം വെറും വിദ്യാഭ്യാസം മാത്രമായിരിക്കരുത്, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആയിരിക്കണം, കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് പരമ പ്രാധാന്യം കൊടുക്കുന്ന വിദ്യാഭ്യാസം ആയിരിക്കണം എന്നാണ് അദ്ദേഹം അടിവരയിട്ട് പറയുന്നത്. വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് പുസ്തകം വായിക്കുന്നതോ, പഠിക്കുന്നതോ, പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതോ മാത്രമല്ലല്ലോ. അത് മാത്രം ആയിരിക്കുകയുമരുത്.
കുട്ടികളുടെ സ്വഭാവരൂപീകരണത്തിനാണ് വിദ്യാഭ്യാസത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് എന്ന് ഇന്നത്തെ സാഹചര്യത്തില്‍ തോന്നാറില്ലേ. സഹജീവികളോടുള്ള കരുണയും സഹാനുഭൂതിയും ആദരവും പരസ്പര ബഹുമാനവും കരുതലും ഇന്നത്തെ കുട്ടികളില്‍ നിന്ന് സമൂഹത്തിന് നഷ്ടമാകുന്നുണ്ടോ.! അവർ ജീവിക്കുകയും വളരുകയും ചെയ്യുന്ന സമൂഹത്തില്‍ അവർക്ക് മാതൃകയാകേണ്ടത് മാതാപിതാക്കളും അദ്ധ്യാപകരുമാണ്. ചെറുപ്പത്തിലേ തന്നെ കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളർത്തിയെടുക്കാൻ ഇവർക്ക് കഴിയണം, ഇവർക്കേ കഴിയുകയുള്ളൂ.!\
വീടുകളില്‍ നിന്ന് വേണം സമൂഹത്തോടും രാജ്യത്തോടും ഉള്ള പ്രതിബദ്ധത പഠിക്കാൻ തുടങ്ങേണ്ടത്. കുട്ടികള്‍ മുതിർന്നു വരുമ്പോള്‍ സമൂഹത്തിന് ബാധ്യതയായി മാറുന്ന സ്ഥിതിവിശേഷം ഇന്ന് സർവസാധാരണമായി വരുന്നു. മുതിർന്ന് വരുമ്പോള്‍ ഇവരെ ശിക്ഷിക്കേണ്ടി വരുന്നത് എത്രയോ ദൗർഭാഗ്യകരമായിരിക്കും.
അപ്പോള്‍ ഇവർക്ക് കിട്ടുന്ന ശിക്ഷ കൊണ്ട് ഒരിക്കലും ഇവർ നേരായ വഴിക്ക് പോകാനും സാധ്യത കുറവാണ്. കുട്ടികള്‍ പൊതുസ്ഥലങ്ങളില്‍ പരസ്യമായി മദ്യപിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും സംഘട്ടനങ്ങളില്‍ ഏർപ്പെടുന്നതും ഇന്ന് ഒരു വാർത്ത അല്ലാതെ ആയിട്ടുണ്ട്.! കുട്ടികളുടെ, അന്തവും കുന്തവും ഇല്ലാത്ത ഇത്തരം പ്രവർത്തികള്‍ സമൂഹത്തെ സാരമായി ബാധിക്കുന്നുണ്ട് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും, അസഭ്യം പറയുന്നതും, കസേര കത്തിക്കുന്നതും ഒക്കെ നമ്മള്‍ കണ്ടത് വേദനയോടെയല്ലേ.
കുട്ടികള്‍ എന്ത് തെറ്റ് ചെയ്താലും അതിനെ മാതാപിതാക്കള്‍ ന്യായീകരിക്കുന്നതാണ് വേദനാജനകം. സ്കൂളില്‍ ശിക്ഷണം മാത്രമല്ല കൊച്ചുകൊച്ചു തെറ്റുകള്‍ക്ക് ശിക്ഷയും ഉണ്ടായിരുന്നു. പഠിക്കാൻ മടിയുള്ള, അല്പസ്വല്പം ഉഴപ്പന്മാരായ മക്കളെ നേർവഴിക്ക് കൊണ്ടുവരാൻ, പണ്ടൊക്കെ മക്കളെ പഠിപ്പിക്കുന്ന അദ്ധ്യാപകരോട് മാതാപിതാക്കള്‍ തന്നെ നേരിട്ട് പറയുമായിരുന്നു, "അവനിട്ട് രണ്ടെണ്ണം കൊടുത്തോ സാറേ" എന്ന്.! അന്നത്തെ ഗുരുജനങ്ങളുടെ ചൂരലിന്റെ ചൂട് അറിഞ്ഞവരാരും വഴിതെറ്റി പോയിട്ടില്ല.
ഇന്ന് ഏതെങ്കിലും മാതാപിതാക്കള്‍ ഗുരുക്കന്മാരോട് അങ്ങനെ പറയുമോ.? ഇനി അഥവാ മാതാപിതാക്കള്‍ പറയുന്നത് കേട്ട് അദ്ധ്യാപകർ ആ കുട്ടിയെ തല്ലിയാല്‍ ഉള്ള അവസ്ഥയോ.! കേസ്സായി കോടതിയായി, അദ്ധ്യാപകന് ശിക്ഷയും ഉറപ്പായി.
പേടിച്ചിട്ട് അദ്ധ്യാപകർ ഒരു കുട്ടിയോടും മറുത്ത് ഒരക്ഷരം പറയാറില്ല. അതിൻ്റെ ദോഷഫലങ്ങള്‍ ഇന്ന് സമൂഹത്തില്‍ കാണാനുമുണ്ട്. കുട്ടികളെ പഠിപ്പിക്കുക, നല്ല പൗരന്മാരായി വളർത്തുക. വീടിനും സമൂഹത്തിനും രാജ്യത്തിനും അവർ അഭിമാനമാകാൻ വിദ്യാഭ്യാസത്തോടൊപ്പം നല്ല ശീലങ്ങളും അവരെ പഠിപ്പിക്കുക.
സുഭാഷ് ടിആർ

