വത്തിക്കാന്‍ സിറ്റി: മരിയൻ ഭക്തിക്ക് വേണ്ടി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന മെയ് മാസത്തില്‍ റോമിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ മേജർ മേരി ബസിലിക്കയില്‍ എല്ലാ ദിവസവും ജപമാല പ്രാർത്ഥനയും വിശുദ്ധ കുർബാനയും നടക്കും.
എ.ഡി. 358-ല്‍ ലിബീരിയസ് പാപ്പായുടെ കാലത്ത് റോമില്‍ നടന്ന അത്ഭുതകരമായ സംഭവത്തിന്റെ സ്മരണയ്ക്കായി, പരിശുദ്ധ കന്യകാമറിയത്തിനു പ്രതിഷ്ഠിച്ചിരിക്കുന്ന റോമിലെ ദേവാലയമാണിത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ഇട ദിവസങ്ങളില്‍ രാവിലെ 11:30 ന് ദേവാലയത്തിലെ വിശുദ്ധ കുരിശിന്റെ കപ്പേളയിലും, വൈകുന്നേരം 5 മണിക്ക് പൗലോസ് ശ്ലീഹായുടെ കപ്പേളയിലും ജപമാല പ്രാർത്ഥന അർപ്പിക്കും.
മെയ് 19-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 7:00 മണിക്ക് "ദി സോങ് ഓഫ് മേരി" എന്ന തലക്കെട്ടില്‍ മരിയൻ പാരായണം നടക്കും. മെയ് 30നു രാത്രി 9 മണിക്ക്, അഞ്ചാം നൂറ്റാണ്ട് മുതലുള്ള ദൈവമാതാവിനെ സ്തുതിക്കുന്ന ഒരു ഗാനമായ അകാത്തിസ്റ്റോസ് ആലപിക്കും. ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങള്‍ പോലെ തന്നെ 24 ഖണ്ഡങ്ങള്‍ ചേർന്നതാണ് ഈ ഗാനം. മെയ് 31 ഞായറാഴ്ച രാത്രി 9 മണിക്ക് ജപമാല പ്രാർത്ഥനയ്ക്ക് ശേഷം നടക്കുന്ന സമാപന ചടങ്ങില്‍, റോം രൂപതയുടെ വികാരി ജനറല്‍ കർദ്ദിനാള്‍ ബല്‍ദസാരെ റെയ്‌നയുടെ അധ്യക്ഷതയില്‍, പരിശുദ്ധ അമ്മയ്ക്ക് ഏവരെയും സമർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥന നടത്തുന്നതോടെ മരിയന്‍ മാസാചരണത്തിന് സമാപനമാകും.
ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം അടക്കം ചെയ്തിരിക്കുതും റോമിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ മേരി മേജർ ബസിലിക്കയിലാണ്. റോമിലെ നാലു പ്രധാന പേപ്പല്‍ ബസിലിക്കകളില്‍ പരിശുദ്ധ മറിയത്തിന്റെ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍.

