Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദം നീ എവിടെയാകുന്നു' എന്ന പുസ്തകം ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദം നീ എവിടെയാകുന്നു' എന്ന പുസ്തകം ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍

Prabhashakan 1 week ago

എം.എസ്. സനില്‍കുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദം നീ എവിടെയാകുന്നു' എന്ന പുസ്തകം ഇന്ത്യയിലെ ബെസ്റ്റ് സെല്ലർ പട്ടികയില്‍.

ക്രിസ്തുദർശനങ്ങളെക്കുറിച്ചുള്ള സതീശന്റെ പ്രഭാഷണ സമാഹാരമാണ് ഈ പുസ്തകം. നീല്‍സണ്‍ ബുക് സ്‌കാനിന്റെ റിപ്പോർട്ട് പ്രകാരമാണ് സതീശന്റെ പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ടെലിവിഷൻ പ്രോഗ്രാമുകളുടെ റേറ്റിംഗ് നോക്കുന്നത് പോലെ പുസ്തകങ്ങളുടെ വില്‍പനയുടെ റേറ്റിംഗ് ഏജൻസിയാണ് നീല്‍സണ്‍ ബുക് സ്‌കാൻ. മെയ് ആറിനാണ് സതീശന്റെ പുസ്തകം പുറത്തിറങ്ങിയത്. ഡി.സി. ബുക്‌സാണ് പ്രസാധകർ. വെറും പതിനേഴ് ദിവസം കൊണ്ട് പുസ്തകത്തിന്റെ ആറ് പതിപ്പുകള്‍ വിറ്റഴിഞ്ഞുവെന്ന് പ്രസാധകനായ രവി ഡി.സി. സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതുപോലെ ആമസോണില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള പുസ്തകങ്ങളില്‍ എട്ടാം സ്ഥാനവും സതീശന്റെ പുസ്തകത്തിനാണ്. ഇതാദ്യമായാണ് കേരളത്തിന്റെ സംസ്ഥാന മുഖ്യമന്ത്രിയുടെ പുസ്തകം പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം വില്‍പനയില്‍ മുൻപന്തിയില്‍ എത്തുന്നത്.

പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ വി.ഡി. സതീശൻ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളില്‍ നടത്തിയ പ്രസംഗങ്ങളാണ് പുസ്തകമായത്.പ്രമുഖ മാധ്യമ പ്രവർത്തകനും മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മീഡിയ സെക്രട്ടറിയുമായ റോയ് മാത്യുവാണ് പുസ്തകം എഡിറ്റ് ചെയ്തത് . മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയത്.

32 അധ്യായങ്ങളിലായാണ് പുസ്തകം. സതീശൻ വിവിധ ഇടങ്ങളില്‍ നടത്തിയ പ്രസംഗങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഠിച്ചതും വളർന്നതുമെല്ലാം ക്രൈസ്തവ ചുറ്റുപാടുകളില്‍ ആയിരുന്നതിനാല്‍ തന്നെ ബൈബിള്‍ വായന സതീശന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ക്രിസ്തുവിനെക്കുറിച്ച്‌ അറിയാനും വായിക്കാനും കൂടുതല്‍ സമയം കണ്ടെത്തുക പതിവായിരുന്നുവെന്ന് 'എന്തുകൊണ്ട് ഈ പുസ്തകം' എന്ന ആമുഖ കുറിപ്പില്‍ വി.ഡി. സതീശൻ വ്യക്തമാക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും മറ്റ് മതങ്ങളെക്കുറിച്ച്‌ ആഴത്തില്‍ മനസ്സിലാക്കാനും അതിലെ സാരാംശങ്ങള്‍ ഉള്‍ക്കൊള്ളാനും സതീശൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എല്ലാ ദിവസവും ബൈബിളിലെ ഒരു അധ്യായം വായിക്കുന്നത് പതിവായിക്കിയിരുന്നെന്നും അദ്ദേഹം ആമുഖ കുറിപ്പില്‍ വിശദീകരിക്കുന്നു. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകള്‍, ചിന്തകള്‍, ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ എന്നിവ തന്നെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.

പ്രതിപക്ഷ നേതാവായി ചുമതലയേറ്റശേഷം ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ പ്രസിദ്ധമായ കുമ്പനാട് കണ്‍വെൻഷനില്‍ പ്രസംഗിക്കുന്നതിന് ക്ഷണം ലഭിച്ച കാര്യവും സതീശൻ പുസ്തകത്തില്‍ പറയുന്നുണ്ട്. അല്‍പം അങ്കലാപ്പോടെയാണ് ക്ഷണം സ്വീകരിച്ചതെന്നും വിശ്വാസികള്‍ തിങ്ങിനിറഞ്ഞ പന്തലില്‍ നിന്നുകൊണ്ട് എങ്ങനെ ദൈവ വചനം പറയുമെന്ന ആശങ്ക ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2023 ജനുവരി 18ന് വൈകുന്നേരമാണ് കണ്‍വെൻഷനില്‍ പ്രസംഗിച്ചത്. 'നിന്റെ രാജ്യം വരേണമേ' എന്നതായിരുന്നു ആ വർഷത്തെ കണ്‍വെൻഷൻ ചിന്താവിഷയം. ദൈവരാജ്യ സങ്കല്‍പ്പത്തെക്കുറിച്ച്‌ ക്രിസ്തുവിന്റെ ദർശനങ്ങള്‍ പതർച്ചയില്ലാതെ പറയാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമായി താൻ കരുതുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കുമ്പനാട് കണ്‍വെൻഷന് ശേഷം സഭാവ്യത്യാസമില്ലാതെ നിരവധി ഇടങ്ങളില്‍ ക്രിസ്തുവിനെക്കുറിച്ച്‌ പറയാൻ സതീശന് അവസരം ലഭിച്ചു. ദൈവശാസ്ത്രത്തെക്കുറിച്ച്‌ ഉന്നതമായ അറിവും ദർശനവുമുള്ള സഭാപിതാക്കൻമാർക്കൊപ്പം അവസരം ലഭിച്ചത് വലിയ ബഹുമതിയായി കരുതുന്നുവെന്നും സതീശൻ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സഭകളുടെ 250 ഓളം യോഗങ്ങളിലാണ് സതീശൻ പ്രസംഗിച്ചിട്ടുള്ളത്. മാർത്തോമാ സഭയുടെ 17ാമത്തെ മെത്രാപ്പോലീത്തയായിരുന്ന എബ്രഹാം മാർത്തോമയുടെ 111ാം വാർഷിക ദിനത്തില്‍ (2022 ഏപ്രില്‍ 30) തിരുവല്ലയില്‍ നടന്ന ചടങ്ങിലെ പ്രസംഗം ഏറെ ശ്രദ്ധേയമാണ്. നിയുക്ത കർദിനാള്‍ ആർച്ച്‌ ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാടിന് അദ്ദേഹത്തിന്റെ മാതൃ ഇടവക നല്‍കിയ സ്വീകരണ ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി ഉപയോഗിച്ചിട്ടുള്ളത്. 'ആദം നീ എവിടെയാകുന്നു' എന്ന പ്രസംഗം വൈറലായിരുന്നു. ക്രിസ്ത്യൻ ഭക്തി ചാനലുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രസംഗമായിരുന്നു ചങ്ങനാശ്ശേരിയിലേത്.

ക്രിസ്തുവിനെപ്പോലെ കഴിഞ്ഞ 2000 വർഷങ്ങളായി ലോകത്തെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു വ്യക്തിയോ ആശയമോ ഉണ്ടെന്ന് തോന്നുന്നില്ലെന്നും സതീശൻ പുസ്തകത്തിന്റെ ആമുഖ കുറിപ്പില്‍ പറഞ്ഞുവെക്കുന്നു. ജീവിതത്തില്‍ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചുനില്‍ക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു തനിക്ക് തന്നിട്ടുള്ളതെന്നും 'നിങ്ങള്‍ പ്രത്യാശയുള്ളവരായിരിക്കുക, കാരണം നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നവൻ വിശ്വസ്തനാണ്' എന്ന സത്യമാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.

'സതീശൻ അന്നും ഇന്നും എന്നും ഒരു ഉറച്ച വിശ്വാസിയാണ്, വിശ്വാസത്തെ അലങ്കാരമായോ ആഡംബരമായോ കൊണ്ടുനടക്കുന്ന ഒരാളും അല്ല, നമുക്കെല്ലാം മുകളില്‍ സർവതിനെയും നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പരമ പരാശക്തിയുണ്ടെന്നത് അദ്ദേഹത്തെ അറിയുന്ന കാലം മുതല്‍ എനിക്ക് മനസ്സിലായ, അദ്ദേഹത്തിന്റെ വിശ്വാസപരമായ ഒരു അസന്നിഗ്ധ നിലപാടുമാണ്. പക്ഷേ, പ്രതിപക്ഷ നേതാവിനെ മറ്റ് പല നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്ന ഒരു സവിശേഷത തന്റെ വിശ്വാസത്തെയോ ഭക്തിയെയോ അദ്ദേഹം പ്രകടനപരമായ ഒരു ആഘോഷമാക്കാറില്ല എന്നതാണ്. സതീശൻ ഒരു മതവാദിയോ സമുദായ വാദിയോ ആണെന്നൊരു ആക്ഷേപവും ഇന്നേവരെ അദ്ദേഹത്തിനെതിരെ ആരും ഉയർത്തിയിട്ടില്ല. മതാചാര്യൻമാരോടും ആത്മീയ മേലധ്യക്ഷൻമാരോടും തികഞ്ഞ ആദരവുമാണ്. അവരുടെ ഒരു വാത്സല്യഭാജനവുമാണ് അദ്ദേഹം. പക്ഷേ, സമുദായ നേതാക്കളോട് ചെറിയൊരു അകലം പാലിക്കുന്നുവെന്ന പരാതി പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഗാന്ധിജി തന്നെയാണ് സതീശന്റെ ഇഷ്ട രാഷ്ട്രീയദൈവമെന്നതില്‍ തർക്കവുമില്ല. ഗാന്ധിയുംഖാദിയും സതീശന്റെ ബലവുമാണ്, ബലഹീനതയുമാണ് എന്ന് പറയുന്നതാവും ഒരുപക്ഷേ കൂടുതല്‍ യുക്തി ഭദ്രമാവുക' എന്നാണ് ഡോ. സിറിയക് തോമസ് അവതാരികയില്‍ എഴുതിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan