Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: 30 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: 30 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

Prabhashakan 3 months ago

നൈജീരിയയിലെ കടുന സംസ്ഥാനത്തെ നരിഡോണ്‍ (Naridon) ഗ്രാമത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ 30 ക്രൈസ്തവരെ കൊലപ്പെടുത്തിയതിനെ തുടർന്ന് അടിയന്തര സുരക്ഷാ ഇടപെടലിന് ആവശ്യപ്പെട്ട് കൗറു ലോക്കല്‍ ഗവണ്‍മെന്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വക്താവും ദക്ഷിണ കടുനയിലെ കാമാരു വാർഡ് കൗണ്‍സിലറുമായ റൈറ്റ് ഓണറബിള്‍ സ്റ്റീഫൻ ഹജാര രംഗത്തെത്തി.

"എല്ലാ മാസവും ഞങ്ങള്‍ ഞങ്ങളുടെ ആളുകളെ അടക്കം ചെയ്യുകയാണ്. കഴിഞ്ഞ മാസം കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെ ഞങ്ങള്‍ അടക്കം ചെയ്തു; ഇപ്പോള്‍ ഇതാ 30 പേരുടെ മറ്റൊരു കൂട്ടസംസ്കാരം കൂടി. ഇനി ഇത് സഹിക്കാനാവില്ല! ദയവായി ഞങ്ങളുടെ സഹായത്തിന് എത്തണം" ഹജാര, ഇന്റർനാഷണല്‍ ക്രിസ്ത്യൻ കണ്‍സേണിനോട് (ICC) പറഞ്ഞു.

അതേസമയം കൊലപാതകങ്ങളെ ശക്തമായി അപലപിച്ച ഹജാര, ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുരക്ഷാ ഏജൻസികളോട് അഭ്യർഥിച്ചു. കാമാരു വാർഡിലെ ഗ്രാമീണമേഖലകളിലും കൗറു ലോക്കല്‍ ഗവണ്‍മെന്റിലെ ആക്രമണ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും അദ്ദേഹം നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവിനോടും കടുന സ്റ്റേറ്റ് ഗവർണർ ഉബ സാനിയോടും നേരിട്ട് ആവശ്യപ്പെട്ടു.

"ഈ കൊലപാതകങ്ങള്‍ തുടരുകയാണെങ്കില്‍, ഇവിടത്തെ ക്രിസ്ത്യൻ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കും. തീവ്രവാദികള്‍ ഈ പ്രദേശത്തുനിന്ന് ക്രൈസ്തവ സമൂഹത്തെ പൂർണ്ണമായി തുടച്ചുനീക്കുന്ന ഒരു ദിവസം വന്നേക്കാം" അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാൻ കഴിയുന്ന ക്രൈസ്തവരുടെ എണ്ണത്തെയും ഈ കൊലപാതകങ്ങള്‍ കുറയ്ക്കുമെന്നും ഹജാര കൂട്ടിച്ചേർത്തു.

അമേരിക്കയുമായുള്ള സുരക്ഷാ പങ്കാളിത്തം ശക്തമാക്കാൻ നൈജീരിയൻ ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട ഹജാര, നൈജീരിയയില്‍ തുടർച്ചയായ ആക്രമണങ്ങള്‍ നേരിടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും അന്താരാഷ്ട്ര ക്രിസ്ത്യൻ സമൂഹത്തോടും അഭ്യർഥിച്ചു.

ജൂലൈ 26 ഞായറാഴ്ച വൈകിട്ടോടെ നരിഡോണില്‍ പ്രവേശിച്ച ആയുധധാരികള്‍ ജൂലൈ 27 തിങ്കളാഴ്ച പുലർച്ചെ വരെ ആക്രമണം തുടരുകയായിരുന്നു. അക്രമികള്‍ വീടുകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നവർക്കു നേരെ വെടിയുതിർക്കുകയും, രക്ഷപെടാനായി ആളുകള്‍ അടുത്തുള്ള പാടങ്ങളിലേക്കും കാടുകളിലേക്കും ഓടുന്നതിനിടെ അക്രമികള്‍ നിരവധി വീടുകള്‍ക്ക് തീയിട്ടതായും ഗ്രാമവാസികള്‍ പറഞ്ഞു. ആക്രമണത്തില്‍ എട്ട് കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 30 പേരെങ്കിലും മരിച്ചതായി റിപ്പോർട്ടുകള്‍ സ്ഥിരീകരിച്ചു. നിരവധി ഗ്രാമവാസികള്‍ക്ക് പരിക്കേറ്റു. അക്രമികള്‍ രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തിയത്.

അക്രമികള്‍ ഫുലാനി ഗോത്രവർഗ തീവ്രവാദികളാണെന്ന് ചില ഗ്രാമവാസികള്‍ സംശയം പ്രകടിപ്പിച്ചു. എന്നിരുന്നാലും, ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല, കൂടാതെ വാർത്ത പുറത്തുവരുന്ന സമയം വരെ നൈജീരിയൻ അധികൃതർ അക്രമികളെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുമില്ല.

തിങ്കളാഴ്ചയോടെ വീടുകളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും ചുറ്റുമുള്ള കാടുകളില്‍ നിന്നും തെരച്ചില്‍ സംഘങ്ങള്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക സ്രോതസ്സുകള്‍ പറഞ്ഞു. നിരവധി ഗ്രാമവാസികളെ ഇനിയും കണ്ടെത്താനുള്ളതിനാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് അവർ മുന്നറിയിപ്പ് നല്‍കി.

ആക്രമണത്തെ അപലപിച്ച ആംനസ്റ്റി ഇന്റർനാഷണല്‍, കാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ചില ഗ്രാമവാസികളെ അക്രമികള്‍ പിന്തുടർന്ന് ആക്രമിച്ചതായി അറിയിച്ചു. വീടുകളിലും സമീപത്തെ കൃഷിയിടങ്ങളില്‍ നിന്നും തിരച്ചില്‍ സംഘങ്ങള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് തുടരുകയാണെന്നും കാണാതായ ബന്ധുക്കള്‍ക്കായി കുടുംബങ്ങള്‍ തിരച്ചില്‍ നടത്തുകയാണെന്നും സംഘടന വ്യക്തമാക്കി.

എന്നാല്‍, നരിഡോണില്‍ നിന്ന് അഞ്ച് മൈലില്‍ താഴെ മാത്രം അകലെ ക്യാമ്പ് ചെയ്തിരുന്ന സൈനികർ ആക്രമണം നടക്കുമ്പോള്‍ ഇടപെടുന്നതില്‍ പരാജയപ്പെട്ടതായി പ്രദേശവാസിയായ ഡാനിയല്‍ സണ്‍ഡേ ആരോപിച്ചു. തോക്കുധാരികള്‍ ഗ്രാമത്തിലൂടെ നീങ്ങുകയും വീടുകളില്‍ കയറി ആളുകളെ കൊല്ലുകയും കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമവാസികള്‍ ഇരകളുടെ മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും തിങ്കളാഴ്ച സംസ്കാര ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. വീണ്ടും ആക്രമണമുണ്ടാകുമോ എന്ന് ഭയന്ന് രഹസ്യമാക്കിവെച്ചിരിക്കുന്ന വിവിധ മെഡിക്കല്‍ കേന്ദ്രങ്ങളിലാണ് പരിക്കേറ്റവർ ചികിത്സയില്‍ കഴിയുന്നത്.

കൊലപാതകങ്ങളെ അപലപിച്ച ഗവർണർ ഉബ സാനി, അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി തിരച്ചില്‍ ഊർജ്ജിതമാക്കാൻ സുരക്ഷാ ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കി. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസവും മാനുഷിക സഹായവും നല്‍കാൻ കടുന സ്റ്റേറ്റ് എമർജൻസി മാനേജ്‌മെന്റ് ഏജൻസിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

കടുന-പ്ലാറ്റോ അതിർത്തിയില്‍ സുരക്ഷ ശക്തമാക്കുന്നതിന് പ്ലാറ്റോ സംസ്ഥാന സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും പരമ്പരാഗത നേതാക്കളുമായും മറ്റ് പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് കടുന സംസ്ഥാന സർക്കാർ അറിയിച്ചു. പ്ലാറ്റോ സംസ്ഥാനത്തെ റിയോം ലോക്കല്‍ ഗവണ്‍മെന്റ് ഏരിയയിലെ ഗനാവൂരിക്ക് സമീപമാണ് നരിഡോണ്‍ സ്ഥിതി ചെയ്യുന്നത്. അന്വേഷണത്തിനും നിലവിലെ സുരക്ഷാ നടപടികള്‍ക്കും സഹായകമാകുന്ന വിശ്വസനീയമായ വിവരങ്ങള്‍ സുരക്ഷാ ഏജൻസികള്‍ക്ക് നല്‍കാനും സർക്കാർ പ്രദേശവാസികളോട് അഭ്യർഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan