സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ...
എല്ലാറ്റിനെയും ഭരിക്കുന്ന അങ്ങ് താൻ തിരഞ്ഞെടുത്ത ജനതയില്‍ നിന്നും നാശത്തിന്റെ ദിനങ്ങളെ അകറ്റി ആനന്ദത്തിന്റെ ദിനങ്ങളെ പ്രദാനം ചെയ്യുമെന്നുള്ള പ്രത്യാശയെ മുറുകെപ്പിടിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയ്ക്കായ് ഞങ്ങള്‍ അണഞ്ഞിരിക്കുന്നു.
മനം മടുക്കുന്ന പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്നും വിശ്വാസത്തോടെ ശരണം പ്രാപിക്കാൻ ഞങ്ങള്‍ക്ക് അവിടുത്തെ തിരുസന്നിധി മാത്രമാണഭയം.
പ്രണവായുവിന് വേണ്ടി പോലും കേഴുന്ന നിസ്സഹായരായ മക്കളുടെ നിലവിളിയുടെ ശബ്ദം അങ്ങ് കേള്‍ക്കാതിരിക്കരുതേ. സമ്പാദിച്ചു മുന്നേറാൻ ശ്രമിക്കുന്ന ജീവിതത്തില്‍ നിന്നും സഹായിച്ചു ഒരു മനസ്സോടെ മുന്നോട്ടു നീങ്ങാൻ തയ്യാറാവുന്ന നന്മ വഴിയിലേക്ക് എല്ലാ ജീവിതങ്ങളും ആകർഷിക്കപ്പെടാൻ ഇടയാക്കേണമേ.
തിരക്കുകളുടെ അവഗണന വരുത്തി വച്ച അകലങ്ങളില്‍ നിന്നും ഊഷ്മളമായ സ്നേഹത്തിന്റെ പരിഗണനയിലേക്ക് എല്ലാ ഹൃദയബന്ധങ്ങളും ചേർന്നിരിക്കാനും പരസ്പരം ആശ്വാസമാകാനും അങ്ങ് കൃപ നല്‍കണമേ. സ്വർഗത്തിന്റെയും ഭൂമിയുടെയും നിയന്താതാവായ ഞങ്ങളുടെ ദൈവമേ.
ഇനിയും ഞങ്ങളില്‍ നിന്നും അകന്നിരിക്കരുതേ. ഞങ്ങളെ സഹായിക്കാൻ വേഗം വരേണമേ. എല്ലാ ദുരിതങ്ങളില്‍ നിന്നും വിമോചിതരായ ദൈവമക്കള്‍ എന്ന അവകാശം സ്വന്തമാക്കാൻ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ...
സ്വർഗ്ഗരാജ്ഞി... ഞങ്ങളെ സ്വർഗ്ഗീയ ഭാഗ്യത്തിനർഹമാക്കേണമേ... ആമേൻ

