Dailyhunt
ഒന്നരക്കോടി വായ്പ ലഭ്യമാക്കി തൃശൂര്‍ അതിരൂപതയുടെ 'സാന്ത്വനം'

ഒന്നരക്കോടി വായ്പ ലഭ്യമാക്കി തൃശൂര്‍ അതിരൂപതയുടെ 'സാന്ത്വനം'

Prabhashakan 1 week ago

തൃശൂര്‍: സമുദായ ശക്തീകരണ വര്‍ഷത്തില്‍ തൃശൂര്‍ അതിരൂപത സാമൂഹ്യ ക്ഷേമ വിഭാഗമായ സാന്ത്വനം വഴി പുരുഷ സംഘങ്ങള്‍ ഉള്‍പ്പെടെ 15 സ്വയംസഹായ സംഘങ്ങള്‍ക്ക് ഒന്നരക്കോടി രൂപ കുറഞ്ഞ പലിശയ്ക്ക് വിവിധ സംരംഭങ്ങള്‍ക്കായി ലഭ്യമാക്കി.

ദേശീയ ന്യൂനപക്ഷ സാമ്പത്തിക കോര്‍പ്പറേഷനില്‍ നിന്നും ദേശീയ സഫാരി കര്‍മ്മചാരി സാമ്പത്തിക വികസന കോര്‍പ്പറേഷനില്‍ നിന്നും ദേശീയ പിന്നോക്ക സാമ്പത്തിക വികസന കോര്‍പ്പറേഷനില്‍ നിന്നുമാണ് കെഎസ്ബിസിഡിസി വഴി സാന്ത്വനം സ്വയം സഹായസംഘങ്ങള്‍ക്ക് തുക ലഭ്യമാക്കിയത്.

അതിരൂപതയിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ജാതിമതഭേദമന്യേയുള്ള പുരുഷ / സ്ത്രീ 332 സംഘങ്ങളില്‍ നിന്നാണ് 15 സംഘങ്ങളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തി ഈ വര്‍ഷത്തെ ലോണുകള്‍ ലഭ്യമാക്കിയത്. ആവശ്യമായ രേഖകളോടൊപ്പം സംഘങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനം വിലയിരുത്തുകയും ബോധവല്‍ക്കരണ ക്ലാസുകളില്‍ സംബന്ധിച്ചും വിവിധ സംരംഭങ്ങളുടെ പ്ലാനും പദ്ധതിയും സമര്‍പ്പിക്കാന്‍ സഹായിച്ചുമാണ് സംഘങ്ങളെ തിരഞ്ഞെടുത്തത്.

സംരംഭത്തില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്ന് മൂന്നുവര്‍ഷം കൊണ്ടാണ് ഈ ലോണ്‍ അടച്ചു തീര്‍ക്കുക. സംഘാംഗങ്ങളുടെ കുടുംബങ്ങളില്‍ സാമ്പത്തിക ഭദ്രത വര്‍ദ്ധിപ്പിക്കാനും വ്യക്തികളുടെ ശാക്തീകരണ പ്രക്രിയയ്ക്ക് ആഴം കൂട്ടാനും സാന്ത്വനം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

രണ്ട് ഘട്ടങ്ങളിലായി നടന്ന ലോണ്‍ വിതരണമേളയില്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെഎസ്ബിസിഡിസി തൃശൂര്‍ മേധാവി വേണുഗോപാല്‍, തൃശൂര്‍ അതിരൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. സാന്ത്വനം ഡയറക്ടര്‍ ഫാ. ജോജു ആലപ്പാട്ട്, അസോ. ഡയറക്ടര്‍ ഫാ. ജോസ് വട്ടക്കുഴി, അസി. ഡയറക്ടര്‍ ഫാ. ബെന്‍വിന്‍ തട്ടില്‍, സാന്ത്വനം പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിസ് മരിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan