Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ മുഴുവൻ സഭയുടെയും നന്മയ്ക്കായി ഉപയോഗിക്കുക: ലിയോ പാപ്പാ

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ മുഴുവൻ സഭയുടെയും നന്മയ്ക്കായി ഉപയോഗിക്കുക: ലിയോ പാപ്പാ

Prabhashakan 1 week ago

തെറ്റായ രീതിയിലുള്ള മതനിരപേക്ഷചിന്ത മുന്നോട്ടുവച്ചിരുന്ന സാമൂഹ്യവ്യവസ്ഥയുടെ വളർച്ചയ്ക്ക് മുന്നില്‍ ക്രൈസ്തവവിശ്വാസത്തിന്റെ മറുപടിയും സഭയുടെ മിഷനറി നിയോഗത്തിന്റെ വളർച്ചയ്ക്കുള്ള സഹായവുമായി നിലകൊണ്ട ഒരു യാഥാർത്ഥ്യമാണ് കരിസ്മാറ്റിക് നവീകരണപ്രസ്ഥാനമെന്നും, പ്രാർത്ഥനയിലൂടെയും ആരാധനയിലൂടെയും വചനധ്യാനത്തിലൂടെയും സഭാംഗങ്ങള്‍ക്ക് വിശ്വാസവളർച്ചയില്‍ സഹായകമായി നില്‍ക്കാൻ കൂടിയുള്ളതാണ് അതിന്റെ വിളിയെന്നും ലിയോ പതിനാലാമൻ പാപ്പാ.

വിവിധ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളെ ക്രോഡീകരിച്ച്‌, ഐക്യവും മെച്ചപ്പെട്ട ശുശ്രൂഷയും ഉറപ്പാക്കാൻ വേണ്ടി ഫ്രാൻസിസ് പാപ്പായുടെ താത്പര്യപ്രകാരം സ്ഥാപിക്കപ്പെട്ട കാരിസ് (CHARIS) അന്താരാഷ്ട്ര നവീകരണപ്രസ്ഥാനത്തിന് മെയ് 30 ശനിയാഴ്ച വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെ, മുഴുവൻ സഭയുടെയും ഐക്യത്തിനും നന്മയ്ക്കുമായി പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

കരിസ്മാറ്റിക് നവീകരണത്തെ മുഴുവൻ സഭയ്ക്കും വേണ്ടിയുള്ള "കൃപയുടെ പ്രവാഹ"മെന്ന് ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിച്ചത് അനുസ്മരിച്ച പരിശുദ്ധ പിതാവ്, സഭയുടെ മിഷനറി നിയോഗത്തിന് കരിസ്മാറ്റിക് നവീകരണപ്രസ്ഥാനം നല്‍കുന്ന പിന്തുണയെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവെന്ന് പ്രസ്താവിച്ചു.

പരിശുദ്ധ സിംഹാസനവും കത്തോലിക്കാ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, കരിസ്മാറ്റിക് യാഥാർത്ഥ്യത്തിന് സവിശേഷമായ വിധത്തില്‍ പ്രധാനപ്പെട്ട ആദ്ധ്യാത്മിക അനുഭവങ്ങളുടെ കൂടി ഭാഗമായ, ആത്മാവിലുള്ള ജ്ഞാനസ്നാനം, കൃതജ്ഞതാ പ്രാർത്ഥന, ദൈവവചനം, കൂട്ടായ്മ, കാരുണ്യസ്‌നേഹം തുടങ്ങിയ വിഷയങ്ങളെ പ്രത്യേകം അനുസ്മരിച്ചു. കരിസ്മാറ്റിക് നവീകരണത്തില്‍ തിരുവചനത്തിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ആത്മാവിലുള്ള ജീവിതത്തിന്റെ ഫലവും അടയാളവുമാണ് ഐക്യവും, കാരുണ്യപ്രവൃത്തികളിലൂടെ വെളിപ്പെടുന്ന സ്നേഹവുമെന്ന് പ്രസ്താവിച്ചു.

കത്തോലിക്കാസഭയ്ക്കുള്ളിലെ തങ്ങളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യം കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിലുള്ളവരെ ഓർമ്മിപ്പിച്ച പാപ്പാ, ഇടവകകളിലും രൂപതകളിലുമുള്ള സജീവസാക്ഷ്യത്തിലൂടെയും ശുശ്രൂഷകളിലൂടെയുമാണ് അത് സാധ്യമാക്കേണ്ടതെന്നും, സ്വാർത്ഥവിജയത്തിനോ ഉന്നതിക്കോ വേണ്ടിയുള്ള ആഗ്രഹം ഉപേക്ഷിച്ച്‌, ഒരു സമൂഹമെന്ന നിലയില്‍ പൊതുനന്മ ലക്ഷ്യമാക്കിയും, ആത്മാവിന്റെ പ്രകാശവും ശക്തിയും പങ്കുവച്ചും മുന്നോട്ട് പോകണമെന്നും ഏവരോടും ആഹ്വാനം ചെയ്തു.

അറുപതുകളുടെ അവസാനം സ്ഥാപിതമായ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിലെ വിവിധ യാഥാർത്ഥ്യങ്ങളെ ഒരുമിച്ച്‌ ചേർത്ത് 2019-ല്‍ ഫ്രാൻസിസ് പാപ്പായാണ് കാരിസ് അന്താരാഷ്ട്ര നവീകരണപ്രസ്ഥാനത്തിന് അടിസ്ഥാനമിട്ടത്.

കരിസ്മാറ്റിക് പ്രസ്ഥാനത്തിലുള്ളവർ തമ്മിലുള്ള ഐക്യവും, അവരുടെ ശുശ്രൂഷകളും കൂടുതല്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശുദ്ധ പിതാവ് അന്ന് ഇത്തരമൊരു യാഥാർത്ഥ്യത്തിന് തുടക്കം കുറിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan