ആഗോളതലത്തില്‍ സഭയുടെ കാരുണ്യപ്രവർത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും പാവപ്പെട്ടവർക്കുള്ള സഹായങ്ങള്‍ ഉറപ്പാക്കുന്നതിനുമായി 'ദ പേപ്പല്‍ ഫൗണ്ടേഷൻ' പ്രതിനിധികള്‍ വത്തിക്കാനില്‍ സന്ദർശനം നടത്തുന്നു.
അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള പ്രതിനിധിസംഘമാണ് ഏപ്രില്‍ 29 മുതല്‍ മെയ് രണ്ട് വരെ നീണ്ടുനില്‍ക്കുന്ന തീർഥാടനത്തിനായി റോമിലെത്തിയത്.
തീർഥാടനത്തിന്റെ ആദ്യദിനം റോമിലെ സെന്റ് മേരി ഓഫ് ദ ഏഞ്ചല്‍സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ കുർബാനയോടെയാണ് പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. ആർച്ച്‌ബിഷപ്പ് ജെയിംസ് ചെക്കിയോ കർമ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഉത്ഥിതനായ ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരായി ജീവിക്കാനാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഓർമ്മിപ്പിച്ചു. തുടർന്ന്, വത്തിക്കാൻ മാധ്യമവിഭാഗങ്ങളായ വത്തിക്കാൻ റേഡിയോ, വത്തിക്കാൻ ന്യൂസ് എന്നിവയും പ്രതിനിധിസംഘം സന്ദർശിച്ചു. വത്തിക്കാൻ വാർത്തകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ എളുപ്പത്തില്‍ ലഭ്യമാക്കുന്ന പുതിയ 'വിജറ്റ്' (Widget) സംവിധാനത്തെക്കുറിച്ച് അവർ ചർച്ചകള്‍ നടത്തി. സുവിശേഷപ്രഘോഷണത്തിന് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളെ മാർപാപ്പയും അഭിനന്ദിച്ചിരുന്നു.
വികസ്വര രാജ്യങ്ങളില്‍ മാർപാപ്പയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് കരുത്ത് പകരുക എന്നതാണ് 1988 ല്‍ സ്ഥാപിതമായ ഈ സംഘടനയുടെ പ്രാഥമിക ദൗത്യം. "പരിശുദ്ധ പിതാവിനെയും കത്തോലിക്കാ സഭയെയും സേവിക്കുക എന്നത് വലിയൊരു നിയോഗമാണ്. ഞങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളും കഠിനാധ്വാനവും വഴി ലോകത്തിന്റെ വിവിധ കോണുകളിലുള്ള ദരിദ്രരിലേക്ക് ക്രിസ്തുവിന്റെ സ്നേഹമെത്തിക്കാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്" എന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് വാർഡ് ഫിറ്റ്‌സ്‌ജെറാള്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 27 പുതിയ ദാതാക്കള്‍ ഫൗണ്ടേഷന്റെ ഭാഗമായത് സംഘടനയുടെ പ്രവർത്തനങ്ങള്‍ക്ക് വലിയ ഊർജം നല്‍കിയിട്ടുണ്ട്.
കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി 270 ദശലക്ഷത്തിലധികം ഡോളറാണ് വിവിധ മാനുഷികപദ്ധതികള്‍ക്കായി ഫൗണ്ടേഷൻ ചെലവഴിച്ചത്. 130 ലധികം രാജ്യങ്ങളില്‍ വിദ്യാലയങ്ങള്‍, അനാഥാലയങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ നിർമ്മിക്കുന്നതിനും ദുരിതബാധിതർക്ക് അടിയന്തരസഹായം എത്തിക്കുന്നതിനും ഈ തുക വിനിയോഗിച്ചു. കൂടാതെ, വി. ജോണ്‍ പോള്‍ രണ്ടാമൻ സ്കോളർഷിപ്പ് വഴി ആയിരക്കണക്കിന് വിദ്യാർഥികള്‍ക്ക് ഉപരിപഠനത്തിന് സഹായം നല്‍കാനും ഫൗണ്ടേഷന് സാധിച്ചു. വത്തിക്കാനിലേക്കുള്ള ഈ ഔദ്യോഗിക സന്ദർശനം ആഗോളസഭയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

