കത്തോലിക്കാ സഭ മെയ് 24 ഞായറാഴ്ച പെന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ചു. ഈ പുണ്യദിനത്തില്‍ നമുക്കോ അല്ലെങ്കില്‍ ശുദ്ധീകരണസ്ഥലത്ത് വേർതിരിക്കപ്പെട്ടു കഴിയുന്ന ഒരു ആത്മാവിനോ വേണ്ടി 'പൂർണ്ണ ദണ്ഡവിമോചനം' നേടിയെടുക്കാൻ സഭ വിശ്വാസികള്‍ക്ക് അവസരം നല്‍കുന്നുണ്ട്.
എന്താണ് പൂർണ്ണ ദണ്ഡവിമോചനം?
പാപങ്ങള്‍ കുമ്പസാരത്തിലൂടെ ക്ഷമിക്കപ്പെട്ടാലും ആ പാപങ്ങള്‍ വരുത്തിവെച്ച താല്ക്കാലിക ശിക്ഷകള്‍ ബാക്കിയുണ്ടാകും. ഈ ശിക്ഷകളില്‍ നിന്നുള്ള പൂർണ്ണമായ മോചനമാണ് പൂർണ്ണ ദണ്ഡവിമോചനം. ഭൂമിയിലായിരിക്കുമ്പോള്‍ ഇത് വഴി ഒരാള്‍ക്ക് തന്റെ ആത്മീയ കടങ്ങള്‍ വീട്ടാം അല്ലെങ്കില്‍ ശുദ്ധീകരണസ്ഥലത്തെ ഒരു ആത്മാവിനെ ദൈവസാന്നിധ്യത്തിലേക്ക് വേഗത്തില്‍ പ്രവേശിപ്പിക്കാൻ ഈ പുണ്യം കാഴ്ചവെക്കാം.
ദണ്ഡവിമോചനം നേടാൻ ചെയ്യേണ്ട കാര്യങ്ങള്‍
പെന്തക്കുസ്താ ദിനത്തില്‍ ഈ കൃപ ലഭിക്കുന്നതിനായി താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
- പാപസാഹചര്യങ്ങള്‍ ഉപേക്ഷിക്കുക:
- ലഘുപാപങ്ങള്‍ പോലും ഇനി ചെയ്യില്ലെന്ന ദൃഢപ്രതിജ്ഞ എടുക്കുക.
- കുമ്പസാരം : ഭക്തിപൂർവം കുമ്പസാരിച്ച് പാപമോചനം നേടുക.
- വിശുദ്ധ കുർബാന സ്വീകരണം: പെന്തക്കുസ്താ ദിനത്തില്‍ യോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിക്കുക.
- മാർപാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാർഥിക്കുക:
- ലെയോ മാർപാപ്പയുടെ പ്രത്യേക നിയോഗങ്ങള്‍ക്കായി ഒരു സ്വർഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ, ത്രിത്വസ്തുതി എന്നിവ ചൊല്ലി പ്രാർഥിക്കുക.
- പെന്തക്കുസ്താ തിരുനാള്‍ ദിവസം 'പരിശുദ്ധാത്മാവേ എഴുന്നള്ളി വരേണമേ' എന്ന പ്രാർഥനാ ഗീതം ഭക്തിപൂർവം ചൊല്ലുകയോ ആലപിക്കുകയോ ചെയ്യുക.
ദണ്ഡവിമോചനം എന്നത് പാപം ചെയ്യാനുള്ള അനുവാദമോ ഭാവിയിലെ പാപങ്ങള്‍ക്കുള്ള മാപ്പുപറച്ചിലോ അല്ല. മറിച്ച് ദൈവകാരുണ്യത്താല്‍ പാപക്കടങ്ങള്‍ ഇല്ലാതാക്കി ആത്മാവിനെ മാമ്മോദീസാ സ്വീകരിച്ച സമയത്തെ ശുദ്ധതയിലേക്ക് തിരികെ എത്തിക്കുന്ന ഉദാത്തമായ കൃപയാണ്.
ഈ പെന്തക്കുസ്താ തിരുനാളില്‍ നമുക്ക് പ്രാർഥനകളിലൂടെയും കർമ്മങ്ങളിലൂടെയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് സ്വർഗവാതില്‍ തുറന്നു കൊടുക്കാൻ പ്രയത്നിക്കാം.

