നീതിസൂര്യനായ ഞങ്ങളുടെ നല്ല ഈശോയേ... ദൈവീക സ്നേഹത്തിന്റെ ദിവ്യരശ്മികള്‍ കൊണ്ട് ഞങ്ങളുടെ ഹൃദയം വിശുദ്ധീകരിക്കപ്പെടാനും.
അങ്ങയോടുള്ള സ്നേഹത്താല്‍ അനുനിമിഷം കത്തിയെരിയാനുമുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തില്‍ ഞങ്ങള്‍ അവിടുത്തെ ബലിപീഠത്തിൻ കീഴില്‍ താഴ്മയോടെ ഇരിക്കുന്നു. ഭക്തിയോട് കൂടെ ഈ ബലി സ്വീകരിക്കുവാനുള്ള കൃപ നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ. ഈശോയെ പലപ്പോഴും ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും തകരാറുകളും ഞങ്ങളുടെ കൂടെയുള്ളവരുടെ കുഴപ്പം കൊണ്ട് സംഭവിക്കുന്നതാണ് എന്നു വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളിലേറെയും. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ നഷ്ടപ്പെട്ടതും. ഞങ്ങളുടെ ജീവിതത്തില്‍ ദുരിതങ്ങള്‍ വന്നു ചേർന്നതും. എവിടെയും എത്തിപ്പെടാതെ ഞങ്ങളുടെ ജീവിതം ഇന്നും മറ്റുള്ളവർക്കു മുന്നില്‍ പരിഹാസ്യമായി തീർന്നതും അങ്ങ് കാരണമാണ്. എന്ന് ഓരോ നിമിഷവും കൂടെയുള്ളവരെ കുറ്റപ്പെടുത്തി. അവരെ മാനസികമായി തളർത്തി സംസാരിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഞങ്ങളിലൂടെ വന്നു പോയ വീഴ്ചകളെ തിരയാൻ ഞങ്ങള്‍ ശ്രമിക്കാറില്ല. അങ്ങനെ ഒരുനിമിഷം ചിന്തിക്കാനുള്ള ക്ഷമ പോലും കാണിക്കാറുമില്ല.
ഈശോയേ... മറ്റുള്ളവരുടെ മുൻപില്‍ സ്വയം വിലമതിക്കപ്പെടാനാഗ്രഹിക്കുന്ന ദുരാശയില്‍ നിന്നും ഞങ്ങള്‍ വിമുക്തരാക്കപ്പെടാനും. കരുണയും സ്നേഹവും നിറഞ്ഞ മാനുഷികഭാവത്തെ ഉള്ളിലുറപ്പിക്കാനും ഞങ്ങളെ സഹായിക്കേണമേ. അപ്പോള്‍ ആത്മാവിന്റെ ഫലങ്ങളായ സ്നേഹവും സമാധാനവും സന്തോഷവും ഞങ്ങളുടെ ഹൃദയബന്ധങ്ങളിലും പ്രവർത്തന പുണ്യവരങ്ങളായി പ്രശോഭിക്കുക തന്നെ ചെയ്യും... പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ

