Dailyhunt
പ്രതിസന്ധികളിലും പീഡനങ്ങളിലും തളരരുതെന്നും അവസാനത്തെ വിജയക്കരു നീക്കുന്നത് ദൈവമാണെന്നുമുള്ള പ്രത്യാശ നല്‍കി മാര്‍ ജോസഫ് പാംപ്ലാനിയുടെ ഈസ്റ്റര്‍ സന്ദേശം

പ്രതിസന്ധികളിലും പീഡനങ്ങളിലും തളരരുതെന്നും അവസാനത്തെ വിജയക്കരു നീക്കുന്നത് ദൈവമാണെന്നുമുള്ള പ്രത്യാശ നല്‍കി മാര്‍ ജോസഫ് പാംപ്ലാനിയുടെ ഈസ്റ്റര്‍ സന്ദേശം

Prabhashakan 2 weeks ago

ലശ്ശേരി: പ്രതിസന്ധികളിലും പീഡനങ്ങളിലും തളരരുതെന്നും അവസാനത്തെ വിജയക്കരു നീക്കുന്നത് ദൈവമാണെന്നുമുള്ള പ്രത്യാശ നല്‍കി തലശ്ശേരി അതിരൂപത ആർച്ച്‌ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഈസ്റ്റർ സന്ദേശം.

ലോകത്ത് തോല്‍പ്പിക്കാൻ കഴിയാത്ത മരണമോ, സുഖപ്പെടുത്താൻ ആവാത്ത രോഗമോ ഇല്ലെന്നും, എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്ത് നിന്ന് ദൈവം പുതിയ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്ഥാനം എന്നത് ഫ്രാൻസിസ് മാർപാപ്പയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പ്രവർത്യോന്മുഖമായ പ്രത്യാശ'യാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യയിലെ ക്രൈസ്തവർ നേരിടുന്ന സമകാലിക പ്രതിസന്ധികളെക്കുറിച്ച്‌ അദ്ദേഹം തന്റെ സന്ദേശത്തില്‍ പരാമർശിച്ചു. മതപരിവർത്തന നിരോധന നിയമം എന്ന പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണകൂടങ്ങളും മറ്റു ചില ശക്തികളും ക്രൈസ്തവരെയും മിഷനറിമാരെയും പാർശ്വവല്‍ക്കരിക്കാനും പീഡിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. വിദേശ സഹായങ്ങള്‍ വഴി പടുത്തുയർത്തിയ സേവനമാർഗ്ഗങ്ങള്‍ പുതിയ നിയമനിർമ്മാണങ്ങളിലൂടെ ഇല്ലാതാക്കാനും പിടിച്ചെടുക്കാനും ശ്രമങ്ങള്‍ നടക്കുന്നു. എന്നാല്‍ ഇതിലൊന്നും സഭാംഗങ്ങള്‍ ഭയപ്പെടുകയോ നിരാശപ്പെടുകയോ വേണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സഭ ഒരിക്കലും വാളെടുത്ത് പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴല്ല, മറിച്ച്‌ ക്രൂശിതനായ ക്രിസ്തുവിന്റെ സഹനത്തിന്റെ വഴിയേ നടന്നപ്പോഴാണ് വിജയം നേടിയിട്ടുള്ളത്.

പ്രതികാരമല്ല, മറിച്ച്‌ തന്നെ ദ്രോഹിച്ചവരോടും കുരിശിലേറ്റിയവരോടും പോലും ക്ഷമിച്ചതാണ് യഥാർത്ഥ ക്രൈസ്തവ മാർഗ്ഗമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ചും ആർച്ച്‌ബിഷപ്പ് സംസാരിച്ചു. ആയുധങ്ങള്‍ക്കും മിസൈലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും ലോകത്ത് സമാധാനം കൊണ്ടുവരാൻ കഴിയില്ല.

അക്രമത്തെ അക്രമം കൊണ്ട് നേരിടുന്നതിലൂടെയല്ല, മറിച്ച്‌ സ്വന്തം മുറിവുകളെ സമാധാനത്തിന്റെ ഉറവിടമാക്കിയ യേശുക്രിസ്തുവിന്റെ പാതയിലൂടെ മാത്രമേ ലോകത്ത് യഥാർത്ഥ സമാധാനം പുലരുകയുള്ളൂ.

പശ്ചിമേഷ്യയിലും ലോകത്തിന്റെ വിവിധ കോണുകളിലും സമാധാനത്തിന്റെ പുതിയ പ്രഭാതം പുലരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഈസ്റ്റർ സന്ദേശം അവസാനിപ്പിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan