Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രണ്ട് പോപ്പ്മൊബൈലുകള്‍, മൂന്ന് ഇലക്‌ട്രിക് വാഹനങ്ങള്‍; ലെയോ പാപ്പയുടെ സ്പെയിൻ യാത്രയ്ക്ക് തയ്യാറായി വാഹനങ്ങളും

രണ്ട് പോപ്പ്മൊബൈലുകള്‍, മൂന്ന് ഇലക്‌ട്രിക് വാഹനങ്ങള്‍; ലെയോ പാപ്പയുടെ സ്പെയിൻ യാത്രയ്ക്ക് തയ്യാറായി വാഹനങ്ങളും

Prabhashakan 1 week ago

ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്പെയിൻ സന്ദർശനം കേവലം ഒരു ആത്മീയ യാത്ര മാത്രമല്ല, കൃത്യമായ ആസൂത്രണത്തിന്റെയും സുരക്ഷാ സജ്ജീകരണങ്ങളുടെയും ഒരു വലിയ നേർക്കാഴ്ച കൂടിയാണ്.

ജൂണ്‍ ആറിന് ആരംഭിക്കുന്ന തന്റെ അപ്പസ്തോലിക് പര്യടനത്തില്‍ മാഡ്രിഡ്, ബാഴ്സലോണ, കാനറി ദ്വീപുകള്‍ എന്നിവ മാർപാപ്പ സന്ദർശിക്കും. ഈ യാത്രയിലുടനീളം വിവിധ സമയങ്ങളിലായി രണ്ട് പോപ്പ്മൊബൈലുകളും മൂന്ന് ഇലക്‌ട്രിക് വാഹനങ്ങളുമാണ് മാർപാപ്പയുടെ യാത്രാസംഘത്തിന്റെ ഭാഗമാകുന്നത്.

ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഏറെ സുപരിചിതമായ പോപ്പ്മൊബൈല്‍, വൻ ജനപങ്കാളിത്തമുള്ള പൊതുപരിപാടികളിലാണ് ഉപയോഗിക്കുക. ഇത്തവണത്തെ യാത്രയുടെ വാഹന വിന്യാസം അല്പം സങ്കീർണ്ണമാണ്. മാഡ്രിഡില്‍ ഉപയോഗിക്കുന്ന പോപ്പ്മൊബൈല്‍, മാർപാപ്പ ബാഴ്സലോണയിലേക്ക് തിരിക്കുമ്പോള്‍ അവിടെനിന്ന് നേരെ കാനറി ദ്വീപുകളിലേക്ക് എത്തിക്കും. അതേസമയം, ബാഴ്സലോണയിലെ പരിപാടികള്‍ക്കായി റോമില്‍ നിന്ന് നേരിട്ട് മറ്റൊരു പോപ്പ്മൊബൈല്‍ എത്തിക്കാനാണ് തീരുമാനം.

ബാഴ്സലോണയിലെ പര്യടനം പൂർത്തിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ മടങ്ങുമ്പോള്‍, അവിടെയുണ്ടായിരുന്ന പോപ്പ്മൊബൈല്‍ ടെനറിഫിലേക്ക് അയക്കും. സന്ദർശനത്തിന്റെ അവസാന ദിനത്തില്‍ കുടിയേറ്റക്കാരുടെ പുനരധിവാസ കേന്ദ്രങ്ങള്‍ സന്ദർശിക്കുന്നതിനും സാന്താക്രൂസ് ഡി ടെനറിഫ് തുറമുഖത്ത് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനും ഈ വാഹനമായിരിക്കും മാർപാപ്പ ഉപയോഗിക്കുക. സ്പാനിഷ് എയർഫോഴ്സ് ആൻഡ് സ്പേസ് ഫോഴ്സ് അംഗങ്ങളും വത്തിക്കാൻ സുരക്ഷാ വിഭാഗവും സംയുക്തമായാണ് അതീവ സുരക്ഷാ പ്രാധാന്യമുള്ള ഈ വാഹന കൈമാറ്റങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഇതിനുപുറമെ, കുറഞ്ഞ ആളുകള്‍ പങ്കെടുക്കുന്ന ചെറിയ ഒത്തുചേരലുകളില്‍ തീർഥാടകർക്കിടയിലൂടെ സഞ്ചരിക്കാൻ ഗോള്‍ഫ് കോഴ്സുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള മൂന്ന് 'ഇലക്‌ട്രിക് ബഗ്ഗി' വാഹനങ്ങളും മാർപാപ്പ ഉപയോഗിക്കും. പരിസ്ഥിതി സൗഹൃദപരമായ ഈ വാഹനങ്ങളില്‍ ഒന്ന് സ്പെയിനിലെ ബർഗോസില്‍ നിർമ്മിക്കുന്നതാണ്. രണ്ടാമത്തേത് കാനറി ദ്വീപുകളില്‍ പ്രത്യേക മാറ്റങ്ങള്‍ വരുത്തി തയ്യാറാക്കുമ്പോള്‍, മൂന്നാമത്തേത് വത്തിക്കാനില്‍ നിന്ന് നേരിട്ട് ബാഴ്സലോണയില്‍ എത്തിക്കും.

വെള്ള നിറത്തില്‍, മാർപാപ്പയ്ക്ക് ഉയരത്തില്‍ നിന്ന് ജനങ്ങളെ കാണാനും ആശീർവദിക്കാനും പാകത്തില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'പോപ്പ്മൊബൈല്‍' പിറവിയെടുക്കുന്നത് 1970-കളിലാണ്. വി. പോള്‍ ആറാമൻ മാർപാപ്പയാണ് ഇത്തരം ഒരു വാഹനം ആദ്യമായി (അപൂർവമായി മാത്രം) ഉപയോഗിച്ചത്. ഒരു ടൊയോട്ട ലാൻഡ് ക്രൂസർ ആയിരുന്നു അത്. എന്നാല്‍ അന്ന് 'പോപ്പ്മൊബൈല്‍' എന്ന പേര് അപ്പോള്‍ ഉണ്ടായിരുന്നില്ല.

തുടർന്ന് വി. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പ ഒരു 'ഫിയറ്റ് കാമ്പാന്യോള' (Fiat Campagnola) ആണ് ഉപയോഗിച്ചിരുന്നത്. 1981 മെയ് 13-ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ച്‌ തുർക്കി പൗരനായ മെഹ്മത് അലി ആഗ്ചയുടെ വെടിയേറ്റ് ജോണ്‍ പോള്‍ രണ്ടാമന്റെ ചോര വീണത് ഈ വാഹനത്തിലായിരുന്നു. ഈ വധശ്രമത്തിന് ശേഷമാണ് പോപ്പ്മൊബൈലുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയത്. മാർപാപ്പയെ ജനങ്ങള്‍ക്ക് വ്യക്തമായി കാണാൻ സാധിക്കുന്ന വിധത്തില്‍, എന്നാല്‍ വെടിയേല്‍ക്കാത്ത തരം ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചങ്ങളും വാഹനത്തിന് ചുറ്റും സ്ഥാപിച്ചു. പിന്നീട് മെഴ്സിഡസ്, ഫിയറ്റ്, സീറ്റ്, ഫോർഡ്, ഹണ്ടായ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ വാഹനങ്ങള്‍ പോപ്പ്മൊബൈലുകളായി മാറി.

നിലവില്‍, പൂർണ്ണമായും ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനാല്‍ മൂടിയ പോപ്പ്മൊബൈലുകളും, വത്തിക്കാനിലെ ബുധനാഴ്ചകളിലെ പൊതുദർശന വേളകളില്‍ ഉപയോഗിക്കുന്നതുപോലെയുള്ള തുറന്ന വാഹനങ്ങളും നിലവിലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan