Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"സംസാരിക്കാനും കേള്‍ക്കാനും കഴിയാത്തവരായതുകൊണ്ട് എന്റെ മാതാപിതാക്കള്‍ക്ക് ലഭിച്ചത് പരിഹാസങ്ങള്‍ മാത്രം"; മകളുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

"സംസാരിക്കാനും കേള്‍ക്കാനും കഴിയാത്തവരായതുകൊണ്ട് എന്റെ മാതാപിതാക്കള്‍ക്ക് ലഭിച്ചത് പരിഹാസങ്ങള്‍ മാത്രം"; മകളുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

Prabhashakan 2 weeks ago

സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത മാതാപിതാക്കളോടൊപ്പം വളർന്ന ഒരു പെണ്‍കുട്ടിയുടെ വേദനിപ്പിക്കുന്നതും എന്നാല്‍ പ്രചോദനാത്മകവുമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചയാകുന്നു.

തന്റെ മാതാപിതാക്കളെ ലോകം എങ്ങനെയാണ് കണ്ടതെന്നും, താൻ എങ്ങനെയാണ് അവരുടെ ലോകത്തെ തിരിച്ചറിഞ്ഞതെന്നും കുറിപ്പിലൂടെ അവള്‍ പങ്കുവെക്കുന്നു.

"ഞാൻ ജനിച്ചപ്പോള്‍ എന്റെ കരച്ചിലോ ചിരിയോ കേള്‍ക്കാൻ എന്റെ അച്ഛനും അമ്മയ്ക്കും സാധിച്ചിരുന്നില്ല. എന്നെ താരാട്ടുപാടിയുറക്കാൻ അവർ എത്രമാത്രം കൊതിച്ചിട്ടുണ്ടാകും എന്ന് എനിക്കറിയാം. കുഞ്ഞായിരുന്നപ്പോള്‍, ഞാൻ ഉറക്കത്തിലാണോ അതോ ശ്വാസം കഴിക്കുന്നുണ്ടോ എന്ന് പോലും തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ സുരക്ഷ കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ ബന്ധുക്കളുടെ വീട്ടിലാണ് എന്നെ കിടത്തിയിരുന്നത്. മറ്റ് കുട്ടികളുടെ മാതാപിതാക്കളെപ്പോലെ എന്റെ അച്ഛനും അമ്മയും എന്നോട് സംസാരിക്കാത്തതില്‍ ഒരു ഘട്ടത്തില്‍ ഞാൻ വല്ലാതെ ഒറ്റപ്പെട്ടിരുന്നു. പലതവണ ഞാൻ അവരോട് ദേഷ്യപ്പെട്ടിട്ടുണ്ട്. അച്ഛനും അമ്മയും അതില്‍ ഒരുപാട് ദുഃഖിച്ചിരുന്നു," പെണ്‍കുട്ടി കുറിച്ചു.

സമൂഹത്തില്‍ നിന്ന് തനിക്കും മാതാപിതാക്കള്‍ക്കും നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും അവള്‍ വിവരിക്കുന്നു. "വളർന്നുവന്നപ്പോള്‍ പലരില്‍ നിന്നും കടുത്ത പരിഹാസങ്ങളാണ് കേട്ടത്. മാതാപിതാക്കളുടെ ശാരീരിക അവസ്ഥ അവരുടെ മുൻജന്മപാപമാണെന്ന് പലരും പറഞ്ഞു. അച്ഛനെയും അമ്മയെയും പരിഹസിക്കുകയും, ഇത്തരം മാതാപിതാക്കള്‍ ഉള്ളതുകൊണ്ട് എന്നെ ആരും വിവാഹം കഴിക്കില്ലെന്ന് വരെ ചിലർ ക്രൂരമായി പറഞ്ഞിട്ടുണ്ട്. ഇതൊക്കെ കേട്ട് ഞാൻ അവരില്‍ നിന്ന് അകലാൻ തുടങ്ങി."

എന്നാല്‍, കശ്മീരിലേക്കുള്ള ഒരു യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് മാറ്റിയത്. "യാത്രയ്ക്കിടയില്‍ ഞങ്ങള്‍ സൈൻ ലാംഗ്വേജില്‍ സംസാരിക്കുന്നത് കണ്ട് ചിലർ പരിഹസിക്കുകയും വീഡിയോ എടുക്കുകയും ചെയ്തു. അന്ന് അവരുടെ വേദന ഞാൻ തിരിച്ചറിഞ്ഞു. അന്നുമുതല്‍ അവരുടെ ശബ്ദമാകാനും അവരെ സംരക്ഷിക്കാനും ഞാൻ തീരുമാനിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ഒരുപാട് സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നത്. സ്നേഹിക്കാനും സംരക്ഷിക്കാനും കേള്‍വിയോ സംസാരശേഷിയോ ആവശ്യമില്ല, നല്ലൊരു മനസ്സ് മാത്രം മതിയെന്ന് ഞാൻ തിരിച്ചറിയുന്നു. ഇനി എന്റെ അച്ഛനെയും അമ്മയെയും ആരും നിശബ്ദരാക്കില്ല, അതിന് ഞാൻ സമ്മതിക്കില്ല," അവള്‍ ഉറപ്പിച്ചു പറയുന്നു.

സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും ഈ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് മാതാപിതാക്കള്‍ക്കായി ശബ്ദമായി മാറിയ മകളുടെ കരുത്തിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan