Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സാന്‍ മരീനോയില്‍ അജപാലനസന്ദര്‍ശനം നടത്തി ലിയോ പാപ്പാ

സാന്‍ മരീനോയില്‍ അജപാലനസന്ദര്‍ശനം നടത്തി ലിയോ പാപ്പാ

Prabhashakan 14 hrs ago

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാനില്‍നിന്ന്, ലോകത്തിലെ ചെറുരാജ്യങ്ങളിലൊന്നായ സാന്‍ മരീനോ റിപ്പബ്ലികില്‍ അജപാലനസന്ദര്‍ശനത്തിനായി ലിയോ പതിനാലാമന്‍ പാപ്പാ എത്തി.

പരിശുദ്ധ സിംഹാസനം മുന്‍കൂട്ടി അറിയിച്ചിരുന്നതുപോലെ, സാന്‍ മരീനോയിലേക്കും റിമിനിയിലേക്കുമുള്ള അജപാലന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പരിശുദ്ധ പിതാവ് ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ വത്തിക്കാനില്‍നിന്ന് ഹെലികോപ്റ്ററില്‍ ഇറ്റലിയുടെ അതിര്‍ത്തികള്‍ക്കുള്ളിലുള്ള ഈ ചെറുരാജ്യത്തേക്കെത്തിയത്.

രാവിലെ എട്ടുമണിയോടെ വത്തിക്കാനിലെ ഹെലിപാഡില്‍നിന്ന് യാത്ര തിരിച്ച പാപ്പാ, എട്ടേമുക്കാലോടെയാണ് സാന്‍ മരീനോയിലുള്ള തൊറാച്ച ഹെലിപാഡിലെത്തിയത്.

ഔദ്യോഗിക സ്വീകരണവും പൊതുസമ്മേളനവും

നാലാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഉണ്ടായിരുന്ന സാന്‍ മരീനോയിലെത്തിയ പാപ്പായ്ക്ക്, റീജന്റ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തില്‍ രാജ്യം സ്വാഗതമേകി. തുടര്‍ന്ന് 'പൊതുകൊട്ടാരം' (Public Palace) എന്ന പേരില്‍ അറിയപ്പെടുന്ന സമുച്ചയത്തിലേക്കെത്തിയ പാപ്പാ, രാജ്യത്തിന്റെ സ്റ്റേറ്റ് സെക്രെട്ടറിമാരുമായും റീജന്റ് ക്യാപ്റ്റന്മാരുമായും സ്വകാര്യ കൂടിക്കാഴ്ച നടത്തി.

'പൊതു കൊട്ടാരത്തിലെ' 'കൊണ്‍സീലിയോ ഗ്രാന്തെ' ശാലയില്‍ വച്ച്‌ രാജ്യത്തെ ഔദ്യോഗിക, രാഷ്ട്രീയ നേതൃത്വങ്ങളുടെ സാന്നിദ്ധ്യത്തില്‍ തന്റെ ആദ്യ ഔഗ്യോഗികസമ്മേളനവും പ്രഭാഷണവും നടത്തിയ പരിശുദ്ധ പിതാവ് തുടര്‍ന്ന്, പൊതുകൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്നുകൊണ്ട്, മുന്നിലെ ചത്വരത്തിലുണ്ടായിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ഏവര്‍ക്കും ആശീര്‍വാദം നല്‍കുകയും ചെയ്തു.

റിമിനി ബസലിക്കയും വിശ്വാസിസമൂഹവും

സാന്‍ മരീനോയിലെ പുരാതന വിശ്വാസിസമൂഹവുമൊത്തുള്ള കൂടിക്കാഴ്ചയായിരുന്നു രാജ്യത്തെ പരിശുദ്ധ പിതാവിന്റെ രണ്ടാമത്തെ പൊതുപരിപാടി. ഇതിനായി പൊതു കൊട്ടാരത്തില്‍നിന്ന് സാന്‍ മരീനോ ബസലിക്കയിലെത്തിയ പാപ്പാ, അവിടെ വിശുദ്ധ കുര്‍ബാനയുടെ ആരാധനയില്‍ പങ്കെടുക്കുകയും, രാജ്യത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട വിശുദ്ധ മരീനോയുടെ തിരുശേഷിപ്പുകള്‍ വണങ്ങുകയും ചെയ്തു. രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡൊമിനിക്കോ ബെനെവെന്തിയും (Bishop Domenico Beneventi), ബസലിക്ക റെക്ടര്‍ ഫാ. മാര്‍ക്കോ മത്സാന്തിയും ചേര്‍ന്നായിരുന്നു പരിശുദ്ധ പിതാവിന് സ്വാഗതമേകിയത്.

സാന്‍ മരീനോ-മോന്തെഫെല്‍ത്രോ രൂപതയിലെ വൈദികരും, സമര്‍പ്പിതരും, വിശ്വാസിസമൂഹവുമൊത്തുള്ള ഈ ചടങ്ങില്‍, രാജ്യത്തിന്റെ വിശ്വാസപാരമ്പര്യം അനുസ്മരിച്ചും, ക്രൈസ്തവ വിശ്വാസമനുസരിച്ചുള്ള ജീവിതത്തിന് ഏവരെയും ആഹ്വാനം ചെയ്തും, ദൈവവിളികളുടെ പ്രാധാന്യം എടുത്തുകാണിച്ചും പരിശുദ്ധ പിതാവ് പ്രഭാഷണം നടത്തി.

പരിശുദ്ധ പിതാവ് റിമിനിയിലേക്ക്

റിമിനിയില്‍ നടക്കുന്ന 'ജനതകള്‍ക്കിടയിലെ സൗഹൃദത്തിനായുള്ള സമ്മേളനമായിരുന്നു' പരിശുദ്ധ പിതാവിന്റെ ഇത്തവണത്തെ അജപാലന സന്ദര്‍ശനത്തിന്റെ രണ്ടാം പാദം. ഇതിന്റെ ഭാഗമായി പാപ്പാ, സാന്‍ മരീനോയിലെ കൂടിക്കാഴ്ചകള്‍ക്കും ഔദ്യോഗികപരിപാടികള്‍ക്കും ശേഷം, ഉച്ചയോടെ ഹെലികോപ്റ്ററില്‍ റിമിനിയിലേക്ക് യാത്രയായി.

റിമിനിയിലെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം വൈകിട്ട് ഒന്‍പത് മണിയോടെ പരിശുദ്ധ പിതാവ് തിരികെ വത്തിക്കാനിലെത്തുമെന്നാണ് പരിശുദ്ധ സിംഹാസനം അറിയിച്ചിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan