Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംഘര്‍ഷ സമയങ്ങളിലും സമാധാനം സാധ്യമാണ്: ലോകസമാധാനത്തിനായുള്ള ജപമാലയില്‍ ലെയോ പാപ്പ

സംഘര്‍ഷ സമയങ്ങളിലും സമാധാനം സാധ്യമാണ്: ലോകസമാധാനത്തിനായുള്ള ജപമാലയില്‍ ലെയോ പാപ്പ

Prabhashakan 2 weeks ago

ഗോളതലത്തില്‍ യുദ്ധങ്ങളും സംഘർഷങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലും സമാധാനം കൈവരിക്കുക എന്നത് സാധ്യമാണെന്ന് ലെയോ പതിനാലാമൻ മാർപ്പാപ്പ.

വത്തിക്കാൻ ഗാർഡനിലെ ലൂർദ്ദ് മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നില്‍, നടന്ന സമാധാനത്തിനായുള്ള പ്രത്യേക ജപമാല പ്രാർത്ഥനയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. സമാധാനം നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ക്ക് കാതോർക്കാൻ തയ്യാറാകുമ്പോഴാണ് ലോകത്ത് ശാന്തി പുലരുന്നതെന്നും, ഇതിനായി ഓരോരുത്തരും നിത്യേന പ്രതിജ്ഞാബദ്ധരാകണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

ലോകമെമ്പാടുമുള്ള വിവിധ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളെയും വിശ്വാസികളെയും തത്സമയം ബന്ധിപ്പിച്ചുകൊണ്ട് നടത്തിയ പ്രാർത്ഥനയില്‍, യുദ്ധവും അക്രമങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ മാർപ്പാപ്പ പ്രത്യേകം അനുസ്മരിച്ചു. "ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നത് ഞാൻ കേള്‍ക്കട്ടെ; അവിടുന്ന് തന്റെ ജനത്തിനും തന്റെ വിശ്വസ്തർക്കും ഹൃദയം കൊണ്ട് തന്നിലേക്ക് തിരിയുന്നവർക്കും സമാധാനം വാഗ്ദാനം ചെയ്യുന്നു" എന്ന സങ്കീർത്തന വചനം (85:8) ഉദ്ധരിച്ചുകൊണ്ടാണ് അഞ്ച് ദശകങ്ങള്‍ നീണ്ട ജപമാല പ്രാർത്ഥനയ്ക്ക് ശേഷം മാർപ്പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. നിലവിലെ ആഗോള പ്രതിസന്ധികളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍, മനുഷ്യരാശിക്ക് ഏറ്റവും ആവശ്യമുള്ള 'പ്രത്യാശ'യാണ് ഈ തിരുവചനം പകർന്നുനല്‍കുന്നതെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

വത്തിക്കാനില്‍ നേരിട്ടെത്തിയവരും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മാധ്യമങ്ങളിലൂടെ പങ്കുചേർന്നവരുമായ മുഴുവൻ വിശ്വാസികളോടും ദൈവവചനം ശ്രവിക്കാൻ ഹൃദയം സജ്ജമാക്കാൻ പാപ്പ ആവശ്യപ്പെട്ടു. പ്രാർത്ഥനയിലൂടെ മാത്രമേ ചരിത്രസംഭവങ്ങളുടെ ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കാനും, ദൈവത്തിന്റെ കാരുണ്യം നമ്മെ നയിക്കുന്നുണ്ടെന്ന് തിരിച്ചറിയാനും സാധിക്കൂ എന്നും പാപ്പ കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan