ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ മനുഷ്യാവകാശ ലംഘനങ്ങളും വരാനിരിക്കുന്ന വലിയ പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ സ്വിറ്റ്സർലൻഡിലെ ജനീവയില്‍ അടിയന്തര യോഗം ചേരുന്നു.
സുഡാനിലെ നോർത്ത് കോർദോഫാൻ മേഖലയിലുള്ള അല്‍-ഉബൈദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും സാധാരണക്കാരായ അഞ്ച് ലക്ഷത്തോളം പേർ ക്രൂരമായ കൂട്ടക്കൊലകള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ അടിയന്തര നീക്കം.
ജർമ്മനി, അയർലൻഡ്, നെതർലൻഡ്‌സ്, നോർവേ, യുകെ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സംയുക്ത സമിതിയുടെ ഔദ്യോഗിക അഭ്യർഥന മാനിച്ചാണ് യോഗം വിളിച്ചിരിക്കുന്നത്. മേഖലയില്‍ വൻതോതിലുള്ള അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഈ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഡ്രോണ്‍ ആക്രമണങ്ങള്‍ മൂലം ജനവാസമേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകരുകയും ഇന്ധന-ജലക്ഷാമം രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. നഗരം പൂർണ്ണമായും ഉപരോധിക്കപ്പെട്ട അവസ്ഥയിലായതിനാല്‍ പതിനായിരക്കണക്കിന് ആളുകള്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭിക്കാതെ അല്‍-ഉബൈദില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ചർച്ചയ്ക്കു ശേഷം കൗണ്‍സിലില്‍ ഒരു കരട് പ്രമേയം അവതരിപ്പിക്കുമെന്നും സമിതി അറിയിച്ചു.
അതിനിടെ, സുഡാൻ സൈന്യത്തിനെതിരെ പോരാടുന്ന പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്‌എഫ് ) കഴിഞ്ഞ ഒക്ടോബറില്‍ നോർത്ത് ഡാർഫറിന്റെ തലസ്ഥാനമായ അല്‍-ഫാഷർ പിടിച്ചെടുത്തതിനു ശേഷം നാല് വനിതകള്‍ ഉള്‍പ്പെടെ 20 ഡോക്ടർമാരെ തടവിലാക്കിയതായി സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് അറിയിച്ചു. ഇവരെ എങ്ങോട്ടാണ് മാറ്റിയതെന്ന് ഇതുവരെ വ്യക്തമല്ല.

