തിരുവല്ല: ലോക തൈറോയ്ഡ് ദിനത്തിന് മുന്നോടിയായി തൈറോയ്ഡ്, പാരാതൈറോയ്ഡ് ഗ്രന്ഥികളെക്കുറിച്ചുള്ള ഗവേഷണത്തിലെയും ചികിത്സയിലെയും ഏറ്റവും പുതിയ അറിവുകള്‍ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'കേറ്റ്സ് 2026 തൈറോയ്ഡ് ആൻഡ് പാരാതൈറോയ്ഡ് കോണ്‍ക്ലേവ്' ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നു.
ബിലീവേഴ്സ് ആശുപത്രി ബ്രെസ്റ്റ് ആന്റ് എൻഡോക്രൈൻ സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരള അസോസിയേഷൻ ഓഫ് തൈറോയ്ഡ് ആൻഡ് എൻഡോക്രൈൻ സർജൻസ് (കേറ്റ്സ്) ന്റെ സഹകരണത്തോടെയാണ് രണ്ട് ദിവസത്തെ ഈ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. 'എവിഡൻസ് മുതല്‍ എക്സലൻസ് വരെ' എന്നതായിരുന്നു ഈ വർഷത്തെ കോണ്‍ക്ലേവിന്റെ പ്രമേയം. കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന പ്രീ-കോണ്‍ഫറൻസ് വർക്ക് ഷോപ്പില്‍ തൈറോയ്ഡ് സർജറിയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ പരിശീലനം നല്‍കി.
തുടർന്ന് നടന്ന ശാസ്ത്ര സെഷൻ ബിലീവേഴ്സ് ആശുപത്രി അസോ. ഡയറക്ടർ ഡോ.ജോണ്‍ വല്യത്ത് ഉദ്ഘാടനം ചെയ്തു. കേറ്റ്സ് പ്രസിഡന്റ് ഡോ രഞ്ജിത്ത് സുകുമാർ അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഏബേല്‍ കെ സാമുവല്‍, ബ്രെസ്റ്റ് ആന്റ് എൻഡോക്രൈൻ സർജറി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ അനീഷ് സുഗുണൻ, ഡോ മനോ സാക്ക് മാത്യൂസ്, ഡോ അരുണിമാ പൗലോസ്, രാജ്യത്തെ വിവിധ ആശുപത്രികളിലെ എൻഡോക്രൈൻ സർജന്മാരായ പ്രൊഫ ഡോ. എം.ജെ.പോള്‍, ഡോ പ്രദീപ് പി വി, ഡോ കെ എസ് തലവൈ സുന്ദർ റാം, ഡോ. സഞ്ജയ്കുമാർ യാദവ് എന്നിവർ ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.
എൻഡോക്രൈൻ സർജറി, എൻഡോക്രൈനോളജി, ന്യൂക്ലിയർ മെഡിസിൻ, പതോളജി, റേഡിയോളജി, അനസ്തേഷ്യോളജി, മെഡിക്കല്‍ ഓങ്കോളജി വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാർ വിവിധ വിഷയങ്ങള്‍ സംസാരിച്ചു. പ്രയോഗിക പരിശീലനം അടക്കം നടത്തിയ ദ്വിദിന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എൻഡോക്രൈൻ സർജന്മാർ പങ്കെടുത്തു.

