വാര്‍ധക്യത്തിലേക്ക് കടക്കുമ്പോള്‍ പലരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒറ്റപ്പെടലും, തങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരായി മാറി എന്ന തോന്നലുമാണ്.
ഇത് പലപ്പോഴും പ്രായമായവരില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
അവര്‍ നേരിടുന്ന ഒറ്റപ്പെടലും സങ്കടങ്ങളുമാണ് പലപ്പോഴും ദേഷ്യമായും വാശിയായും അവരുടെ സ്വഭാവത്തില്‍ കടന്നുവരുന്നത്. എന്നാല്‍, നമ്മുടെ ദിനചര്യയില്‍ വരുത്തുന്ന ലളിതമായ ഒരു മാറ്റത്തിലൂടെ അവരുടെ ജീവിതത്തില്‍ വലിയ സന്തോഷവും സംതൃപ്തിയും നിറയ്ക്കാന്‍ സാധിക്കും. ആ മാറ്റം എന്താണെന്ന് നോക്കാം.
നമ്മുടെ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് 'ദിവസേന അല്ലെങ്കില്‍ ആഴ്ചയില്‍ കൃത്യമായ സമയം മാറ്റിവച്ചുകൊണ്ട് അവരോട് ശ്രദ്ധയോടെ സംസാരിക്കുക' എന്നതാണ് ഏറ്റവും പ്രധാനമായതും എന്നാല്‍ വളരെ ലളിതമായതുമായ മാറ്റം.
അവരോടൊപ്പമായിരുന്നുകൊണ്ട് അവര്‍ പറയുന്നത് കേള്‍ക്കാന്‍ കുടുംബത്തിലുള്ള മറ്റുള്ളവര്‍ തയ്യാറാകുമ്പോള്‍ തങ്ങളും ഈ കുടുംബത്തില്‍ വേണ്ടപ്പെട്ടവരാണ് എന്ന തോന്നല്‍ പ്രായമായവരില്‍ ഉണ്ടാകും. അത് അവരുടെ ആത്മവീര്യം വീണ്ടെടുക്കാന്‍ സഹായകമാകും.
ഇനി പ്രധാനപ്പെട്ട ഒരു കാര്യം നാം അവരുടെ അടുത്ത് എങ്ങനെ ആയിരിക്കുന്നു എന്നതാണ്. വെറുമൊരു കടമയായി കണ്ട് വര്‍ത്തമാനം പറയുന്നതിന് പകരം, അവരുടെ അനുഭവങ്ങളും കഥകളും പറയുന്നത് പൂര്‍ണ്ണമായി ശ്രദ്ധിക്കുകയും , കുടുംബത്തിലെ ചെറിയ തീരുമാനങ്ങളില്‍ പോലും അവരുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിയുകയും വേണം.
പ്രായമായവര്‍ തങ്ങളുടെ ഭൂതകാലത്തെക്കുറിച്ചോ അനുഭവങ്ങളെക്കുറിച്ചോ പറയുമ്പോള്‍ നാം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാറ്റിവയ്ക്കണം. ഉദാഹരണം ഫോണില്‍ നോക്കികൊണ്ടിരിക്കുകയാണെങ്കില്‍ അത് അല്പനേരത്തേക്കു മാറ്റി വയ്ക്കുമ്പോള്‍ തങ്ങളും പരിഗണിക്കപ്പെടുന്നു അല്ലെങ്കില്‍ വിലമതിക്കപ്പെടുന്നു എന്ന തോന്നല്‍ പ്രായമായവരില്‍ ഉണ്ടാകും. അത് അവരില്‍ സന്തോഷം നിറയ്ക്കുന്നതിനു കാരണമാകും.
ഇത് കൂടാതെ ഒരുമിച്ച് ചായ കുടിക്കുക, ഇടക്ക് നടക്കാന്‍ കൊണ്ടുപോകുക അല്ലെങ്കില്‍ അവരോടൊപ്പം പഴയൊരു ചിത്രം കാണുക തുടങ്ങിയ ലളിതമായ അനുഭവങ്ങള്‍ അവര്‍ക്കായി ഒരുക്കുമ്പോള്‍ വാര്‍ധക്യം എന്നത് അമൂല്യമായ ഒരു കാലഘട്ടമായി അവര്‍ക്കും ഒപ്പം കുടുംബത്തിനും മാറും.
വാര്‍ദ്ധക്യത്തില്‍ ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക സന്തോഷവും. നാം നല്‍കുന്ന ചെറിയ പരിഗണനകളും സമയവുമാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സമ്മാനം.
നമ്മുടെ തിരക്കുകള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കായി മാറ്റിവയ്ക്കുന്ന ഓരോ മിനിറ്റും അവരുടെ ജീവിതത്തില്‍ വലിയ വെളിച്ചം നിറയ്ക്കും.

