Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധികളും സാധ്യതകളും പരിഹാരങ്ങളും സംബന്ധിച്ച്‌ ഉദ്ബോധനവുമായി ലിയോ പാപ്പാ

വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധികളും സാധ്യതകളും പരിഹാരങ്ങളും സംബന്ധിച്ച്‌ ഉദ്ബോധനവുമായി ലിയോ പാപ്പാ

Prabhashakan 3 weeks ago

സാങ്കേതികവിപ്ലവം ജീവിക്കുന്ന ആധുനികസമൂഹത്തിന് മുന്നില്‍ യുവജനവിദ്യാഭ്യാസം ഏറെ വലിയ പ്രതിസന്ധികളാണ് ഉയർത്തുന്നതെന്നും, എന്നാല്‍ അവയുടെ മുന്നിലും സഹകരണത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങള്‍ യുവജനങ്ങളിലേക്കെത്തിക്കാൻ നമുക്ക് സാധിക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ.

പരിശുദ്ധ സിംഹാസനവും വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം തുടങ്ങിയ മേഖലകളില്‍ സഹകരിക്കുന്നതിനുവേണ്ടിയുള്ള അമേരിക്കൻ സ്വന്തന്ത്രരാജ്യങ്ങളുടെ സംഘടനയും (Organización de Estados Iberoamericanos - OEI) ചേർന്ന് നടത്തിയ സമ്മേളനത്തില്‍ സംബന്ധിച്ചവർക്ക് മെയ് 30 ശനിയാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ച്‌ സംസാരിക്കുകയായിരുന്നു പാപ്പാ.

വിദ്യാർത്ഥികളെയും വ്യക്തികളെയും ഒറ്റപ്പെട്ടവരാക്കി മാറ്റുന്നതാകരുത് വിദ്യാഭ്യാസമെന്നും, തറിയില്‍ നെയ്‌തെടുക്കുന്ന വസ്ത്രത്തിലെ ഊടും പാവുമെന്നപോലെ, സമൂഹത്തില്‍ പരസ്പര ഐക്യത്തില്‍ വളരാനും ചേർന്നുനില്‍ക്കാനും സഹായിക്കുന്നതാകണം അതെന്നും, "വിദ്യാഭ്യാസം പ്രാദേശിക വിദ്യാഭ്യാസപദ്ധതിക്കായുള്ള നിർദ്ദേശങ്ങള്‍, മാനസികാരോഗ്യം, ഡിജിറ്റല്‍ സാങ്കേതികതയും വിദ്യഭ്യാസവും" എന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് റോമില്‍ നടന്ന ഈ സമ്മേളനത്തില്‍ സംബന്ധിക്കാനായി എത്തിച്ചേർന്നവരോട് പരിശുദ്ധ പിതാവ് നിർദ്ദേശിച്ചു.

മാനസീകാരോഗ്യമേഖലയിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്, നിർവ്വികാരമായ ആതുരാലയമനോഭാവത്തോടെയോ സാങ്കേതികശൈലിയിലോ അല്ലെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അത് സാങ്കേതികതയുടെ ഇന്നത്തെ ലോകത്ത് നിരവധി വ്യക്തികള്‍ അനുഭവിക്കുന്ന ആന്തരികപാപ്പരത്തത്തിനുള്ള മറുപടിയായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു.

ജീവിതത്തിന്റെ അർത്ഥവും മൂല്യവും മനസ്സിലാക്കാൻ സഹായകരമാകുന്ന രീതിയില്‍ ആന്തരികമായ ജീവിതത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടേണ്ടതിന്റെ പ്രാധാന്യവും തന്റെ പ്രഭാഷണത്തില്‍ അനുസ്‌മരിച്ച പരിശുദ്ധ പിതാവ് സാങ്കേതികമായ വളർച്ചയുടെ ഇക്കാലത്ത് വ്യക്തികള്‍ മറ്റുള്ളവരില്‍നിന്നും തങ്ങളുടെ ആന്തരികജീവിതത്തില്‍നിന്നും അകന്നുപോകാനുള്ള സാധ്യതകളും തന്റെ പ്രഭാഷണത്തില്‍ പരാമർശിച്ചു.

സാമൂഹികമായ ഐക്യവും സഹകരണവും വളർത്തുന്നതില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും കുടുംബങ്ങളും മതസ്ഥാപനങ്ങളും സമർപ്പിതസമൂഹങ്ങളും സാംസ്‌കാരിക, ആശയവിനിമയ മേഖലകളും ഒരുമിച്ച്‌ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.

മെയ് ഇരുപത്തിയഞ്ചാം തീയതി, 'നിർമ്മിത ബുദ്ധിയുടെ യുഗത്തില്‍ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കി "മഞ്ഞീഫിക്ക ഹുമാനിത്താസ്" (Magnifica Humanitas) എന്ന തന്റെ പ്രഥമ ചാക്രികലേഖനം പുറത്തിറക്കിയ പരിശുദ്ധ പിതാവ്, സാങ്കേതികമികവിന്റെ ഇക്കാലത്തും മനുഷ്യരുടെ അന്തസ്സും വ്യക്തിത്വവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം പലവുരു എടുത്തുപറഞ്ഞിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan