യുവജനങ്ങളുടെ ബുദ്ധിപരവും ധാർമ്മികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് വില്ലാ നസ്രേത്ത് സമൂഹം നല്‍കുന്ന പിന്തുണയെ ലെയോ പതിനാലാമൻ മാർപ്പാപ്പ അഭിനന്ദിച്ചു.
മനസും ആത്മാവും തമ്മിലും, വിശ്വാസവും പഠനവും തൊഴിലും ജീവിതവും തമ്മിലും ഐക്യം സ്ഥാപിക്കാൻ യുവജനങ്ങള്‍ക്ക് വെളിച്ചവും വഴികാട്ടിയും ആവശ്യമാണെന്നും അതിനായി ഈ സമൂഹം തുടർന്നും പ്രവർത്തിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിലെത്തിയ വില്ലാ നസ്രേത്ത് സമൂഹ അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മാർപ്പാപ്പ.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, എണ്‍പത് വർഷങ്ങള്‍ക്ക് മുമ്പാണ് കർദ്ദിനാള്‍ ഡൊമെനിക്കോ താർദിനി റോമില്‍ 'വില്ലാ നസ്രേത്ത്' സ്ഥാപിക്കുന്നത്. അക്കാലത്ത് അതൊരു വലിയ പ്രത്യാശയുടെ കേന്ദ്രമായിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും, പിന്നാക്കം നില്‍ക്കുന്ന യുവജനങ്ങളെ സഹായിച്ചുകൊണ്ട് വിശ്വാസം, സംസ്കാരം, കാരുണ്യം എന്നിവയെ കോർത്തിണക്കുന്ന ദൗത്യം വില്ലാ നസ്രേത്ത് വിജയകരമായി തുടരുകയാണ്.
കമ്മ്യൂണിറ്റിയുടെ എണ്‍പതാം വാർഷികത്തോടനുബന്ധിച്ച് മെയ് 30-ന് കർദ്ദിനാള്‍പിയത്രോ പരോളിന്റെ മുഖ്യകാർമ്മികത്വത്തില്‍ പ്രത്യേക ദിവ്യബലി അർപ്പിച്ചു. തുടർന്ന് അപ്പസ്തോലിക് കൊട്ടാരത്തിലെ ഹാള്‍ ഓഫ് ബ്ലെസ്സിങ്സില്‍ വെച്ച് മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയും നടന്നു. അധ്യാപകർ, വിദ്യാർത്ഥികള്‍, പൂർവ്വവിദ്യാർത്ഥികള്‍, ആത്മീയ ഉപദേശകർ എന്നിവരടക്കം വലിയൊരു സമൂഹം ചടങ്ങില്‍ പങ്കെടുത്തു. ഇതുവരെ 1,300-ലധികം വിദ്യാർത്ഥികളാണ് വില്ലാ നസ്രേത്തിലൂടെ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്.

