Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാര്‍ഷികം: വിപുലമായ ആഘോഷങ്ങളുമായി ബഹ്‌റൈൻ

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാര്‍ഷികം: വിപുലമായ ആഘോഷങ്ങളുമായി ബഹ്‌റൈൻ

Prabhashakan 3 weeks ago

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികത്തോടനുബന്ധിച്ച്‌ വൈവിധ്യമാർന്ന പരിപാടികള്‍ക്ക് ആതിഥ്യമരുളാനൊരുങ്ങി ബഹ്‌റൈൻ.

മനാമയിലെ ഇറ്റാലിയൻ എംബസിയും 'ദിസ് ഈസ് ബഹ്‌റൈൻ' എന്ന സംഘടനയും സംയുക്തമായാണ് ഈ സംരംഭം പ്രഖ്യാപിച്ചത്. ആധുനിക ബഹ്‌റൈന്റെ സ്ഥാപകനായ ഷെയ്ഖ് ഈസ ബിൻ അലി അല്‍ ഖലീഫയുടെ സ്മരണാർഥം രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫ പ്രഖ്യാപിച്ച 'ഈസ അല്‍ കബീറിന്റെ വർഷത്തില്‍' തന്നെ ഈ ആഘോഷം നടക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

സമാധാനത്തിന്റെയും മതസൗഹാർദത്തിന്റെയും പ്രതീകമായ വിശുദ്ധ ഫ്രാൻസിസിന്റെയും ബഹ്‌റൈനിലെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഈസ അല്‍ കബീറിന്റെയും പൈതൃകങ്ങള്‍ തമ്മിലുള്ള സാമ്യതയാണ് ഈ ആഘോഷത്തിന്റെ കാതല്‍. 1219-ല്‍ ഈജിപ്തിലെ സുല്‍ത്താനുമായി വിശുദ്ധ ഫ്രാൻസിസ് നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ച വിഭിന്ന സംസ്കാരങ്ങള്‍ തമ്മിലുള്ള ബഹുമാനത്തിന്റെ അടയാളമാണ്.

ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക പണ്ഡിതന്മാരെയും മതനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ മതാന്തര സമ്മേളനം സംഘടിപ്പിക്കും. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ സമാധാന സന്ദേശം, പരിസ്ഥിതി ദർശനങ്ങള്‍, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള സാമ്പത്തിക കാഴ്ചപ്പാടുകള്‍ എന്നിവ ഇതില്‍ ചർച്ചയാകും. കൂടാതെ, സ്‌കൂള്‍ കുട്ടികള്‍ക്കായി ദേശീയ ചിത്രരചനാ മത്സരവും, വിശുദ്ധന്റെ 'സൃഷ്ടികളുടെ ഗീതം' (Canticle of the Creatures) ആസ്പദമാക്കി സംഗീത കച്ചേരിയും പരിപാടിയുടെ ഭാഗമായി നടക്കും.

വിഭജനങ്ങളും സംഘർഷങ്ങളും നിറഞ്ഞ ആധുനിക ലോകത്ത് വിശുദ്ധ ഫ്രാൻസിസിന്റെ ശബ്ദം ഏറെ പ്രസക്തമാണെന്ന് ഇറ്റാലിയൻ അംബാസഡർ ആൻഡ്രിയ കാറ്റലാനോ അഭിപ്രായപ്പെട്ടു. സമാധാനത്തിലേക്കുള്ള വഴി കീഴടക്കലുകളല്ല, മറിച്ച്‌ കാരുണ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, വിശുദ്ധ ക്ലാരയുമായി ചേർന്ന് വിശുദ്ധ ഫ്രാൻസിസ് സ്ത്രീ ശാക്തീകരണത്തിന് നല്‍കിയ പ്രാധാന്യത്തെ 'ദിസ് ഈസ് ബഹ്‌റൈൻ' പ്രസിഡന്റ് ബെറ്റ്സി മാത്തിസണ്‍ എടുത്തുപറഞ്ഞു. ബഹ്‌റൈൻ സുപ്രീം കൗണ്‍സില്‍ ഫോർ വുമണ്‍ വഴി നടപ്പിലാക്കുന്ന സ്ത്രീ മുന്നേറ്റങ്ങളുമായി ഇതിനെ അവർ താരതമ്യം ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan