Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിശ്വാസത്തിന്റെ കണ്ണുകളാല്‍ യുക്തിയുടെ വ്യക്തതയോടെ നിഗൂഢതയോടുള്ള തുറന്ന മനസ്സോടുകൂടി പരിവര്‍ത്തനങ്ങളെ നോക്കി കാണണം: പാപ്പാ

വിശ്വാസത്തിന്റെ കണ്ണുകളാല്‍ യുക്തിയുടെ വ്യക്തതയോടെ നിഗൂഢതയോടുള്ള തുറന്ന മനസ്സോടുകൂടി പരിവര്‍ത്തനങ്ങളെ നോക്കി കാണണം: പാപ്പാ

Prabhashakan 1 week ago

'നിര്‍മ്മിത ബുദ്ധിയുടെ യുഗത്തില്‍ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കി ലിയോ പതിനാലാമന്‍ പാപ്പാ രചിച്ച ആദ്യ ചാക്രികലേഖനം 'മാഞ്ഞിഫിക്ക ഹുമാനിത്താസ്'ന്റെ പ്രകാശന കര്‍മ്മം വത്തിക്കാനിലെ സിനഡല്‍ ശാലയില്‍ വച്ച്‌ പരിശുദ്ധ പിതാവിന്റെ സാന്നിധ്യത്തില്‍ നടന്നു.

കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ ആന്ത്രോപിക് സഹസ്ഥാപകനായ ക്രിസ്റ്റഫര്‍ ഒലായുടെ സാന്നിധ്യത്തിന് പാപ്പാ നന്ദിയര്‍പ്പിച്ചു.

നിര്‍മ്മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ മാനവികതയുടെ പാത കണ്ടെത്തുന്നതിന് ഒരുമിച്ച്‌ നടക്കാനും കേള്‍ക്കാനും ഒരുമിച്ച്‌ സംസാരിക്കാനുമുള്ള ക്ഷണം പപ്പാ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അതിനിടയില്‍ പരസ്പരമുള്ള ശ്രദ്ധ പ്രത്യാശയുടെ വലിയ അടയാളമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഇത് മനുഷ്യരാശിയുടെ ഭാവിയെ വിവേചിച്ചറിയുവാനുള്ള കൂട്ടായ പരിശ്രമങ്ങളെ എടുത്തുകാണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

135 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മുന്‍ഗാമിയായ ലിയോ പതിമൂന്നാമന്‍ പാപ്പാ ദ്രുതഗതിയിലുള്ള വ്യാവസായിക പരിവര്‍ത്തനം മൂലം തൊഴിലാളികളുടെയും അവരുടെ വേരോടെ പിഴുതെറിയപ്പെട്ട കുടുംബങ്ങളുടെയും ദാരിദ്ര്യവസ്ഥയെ ചൂണ്ടികാണിച്ചതും പാപ്പാ അനുസ്മരിച്ചു.

മനുഷ്യന്റെ അന്തസ്സിനെ ഭീഷണിപ്പെടുത്തുന്ന യുഗമാറ്റത്തിന്റെ ഒരു സമയത്ത് റേരും നോവാരും ചാക്രികലേഖനം ചെലുത്തിയ സ്വാധീനവും പാപ്പാ അടിവരയിട്ടു.

ഈ ഒരു സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ നമ്മുടെ ജീവിതത്തിന്റെ പല മേഖലകളെയും സ്പര്‍ശിക്കുകയും മനുഷ്യ സഹവര്‍ത്തിത്വത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്ന നിര്‍മ്മിത ബുദ്ധിയുടെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്നും കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ വിശ്വാസത്തിന്റെ കണ്ണുകളാല്‍ യുക്തിയുടെ വ്യക്തതയോടെ രഹസ്യാത്മകതയോടുള്ള തുറന്ന മനസ്സോടുകൂടി ദരിദ്രരുടെ നിലവിളികള്‍ ശ്രവിക്കുവാന്‍ ഏവരും ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ലോകത്തിന്റെ ഈ അവസ്ഥകളെ ശ്രവിച്ചതില്‍ നിന്നുമാണ് 'മാഞ്ഞിഫിക്ക ഹുമാനിത്താസ്' ജന്മം കൊണ്ടതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യകളില്‍ ആത്മാര്‍ത്ഥമായ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരെയും എഞ്ചിനീയര്‍മാരെയും താന്‍ ഈ ചാക്രിക ലേഖന രചനയ്ക്ക് വേണ്ടി ശ്രവിച്ചുവെന്നും അതുപോലെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരുടെ ആശങ്കകളും തന്റെ ഈ രചനയ്ക്ക് ആധാരമാക്കിയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.

ഒരു മനുഷ്യനും ഒരു സര്‍ക്കാരിനും യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്ന സ്വയംഭരണ ആയുധ സംവിധാനങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ആരോഗ്യ സംരക്ഷണം ജോലി സുരക്ഷ എന്നിവയിലേക്കുള്ള പ്രവേശനം തടയുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിശബ്ദമാക്കപ്പെടുന്ന ആളുകള്‍ എന്നിവയെല്ലാം തന്റെ ശ്രദ്ധ പതിഞ്ഞ ഇടങ്ങള്‍ ആയിരുന്നുവെന്നു പാപ്പാ കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ നിര്‍മ്മിത ബുദ്ധിയുടെ സാങ്കേതിക വികസനം നിരായുധമാകണം എന്ന തത്വമാണ് താന്‍ മുന്‍പോട്ടു വയ്ക്കുന്നതെന്നും പപ്പ ചൂണ്ടിക്കാണിച്ചു.

ആണവ നിരായുധീകരണത്തിനായി സഭ വളരെക്കാലമായി പ്രവര്‍ത്തിക്കുന്നുവെന്നത് ചൂണ്ടിക്കാണിച്ച പാപ്പാ ഏതൊരു വലിയ സാങ്കേതിക ശക്തിക്കും ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുവാന്‍ സാധിക്കുമെന്നും അതിനാല്‍ മതിയായ ധാര്‍മ്മിക വിവേചനവും പൊതു പരിശോധനയും എല്ലാ കാര്യങ്ങളിലും നടപ്പാക്കണമെന്നും പാപ്പാ സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി.

'നിര്‍മ്മിത ബുദ്ധി ആധിപത്യത്തിന്റെയും ബഹിഷ്‌കരണത്തിന്റെയും മരണത്തിന്റെയും ഉപകരണമാക്കി മാറ്റുന്ന യുക്തിയില്‍ നിന്ന് മോചിതരാകണം അത് എല്ലാവരുടെയും സേവനത്തിലും പൊതുനന്മയിലും അടിസ്ഥാനപ്പെടുത്തണം' പാപ്പാ പറഞ്ഞു. സാങ്കേതികവിദ്യ നമ്മുടെ വിമര്‍ശനാത്മക ബോധത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍ സമാധാനം തന്നെ അപകടത്തിലാകുമെന്ന മുന്നറിയിപ്പും പാപ്പാ നല്‍കി.

അതിനാല്‍ എല്ലാ മേഖലയിലും ഒരു പുനര്‍നിര്‍മാണം ആവശ്യമാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു. ബന്ധങ്ങള്‍ നന്നാക്കുക വിശ്വാസം പുനഃസ്ഥാപിക്കുക ഭാവിയില്‍ പ്രത്യാശ ഉണര്‍ത്തുക എന്നതാണ് പുനര്‍നിര്‍മ്മാണം അര്‍ത്ഥമാക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. എല്ലാവരുടെയും അന്തസ്സ് സംരക്ഷിക്കാന്‍ കഴിവുള്ള കൂടുതല്‍ നീതിയുക്തമായ സഹവര്‍ത്തിത്വം ഇന്നത്തെ കാലത്ത് ഏറെ ആവശ്യമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.

ഒരു യന്ത്രത്തിനും പകരം വയ്ക്കാന്‍ കഴിയാത്ത സ്‌നേഹം ഉള്ളില്‍ പേറുന്നവനാണ് ഓരോ വ്യക്തിയും എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഈ സമഗ്രകാഴ്ചപ്പാടിലൂടെ ബുദ്ധിയെ പൊതുനന്മയിലേക്ക് നയിക്കണമെന്ന് പാപ്പാ പറഞ്ഞു.

ഇതാണ് സ്‌നേഹത്തിന്റെ നാഗരികതയെന്നും തന്റെ മുന്‍ഗാമികളായ വിശുദ്ധ പോള്‍ ആറാമനെയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെയും ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള സംഭാഷണങ്ങളുടെ ഭാഗമാകാന്‍ സഭ വിനയത്തോടെയും തുറന്ന മനസ്സോടെയും ആഗ്രഹിക്കുന്നുവെന്നും ദൈവത്തെ അന്വേഷിക്കാനും മറ്റുള്ളവരെ സേവിക്കാനും നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കാനും കഴിവുള്ള സ്വതന്ത്രവും ബുദ്ധിമാനുമായ ഒരു വിഷയമാണിതെന്നും പാപ്പാ എടുത്തു പറഞ്ഞു.

'പരസ്പരം കേള്‍ക്കുവാനും ഇപ്പോഴത്തെ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാനും കൂടുതല്‍ മാനുഷികവും സാഹോദര്യപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും സഹകരിക്കാനും നമുക്ക് പഠിക്കാം' പാപ്പാ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan