യൂട്യൂബ് ചാനലിലൂടെ ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് ഈജിപ്ഷ്യൻ അധികൃതർ കോപ്റ്റിക് ക്രൈസ്തവ യുവാവിന് അഞ്ച് വർഷത്തെ കഠിനതടവ് വിധിച്ചു.
അഗസ്റ്റിനോസ് സമൻ എന്ന യുവാവിനെതിരെയാണ് ഈജിപ്ഷ്യൻ കോടതി കടുത്ത ശിക്ഷാവിധി പുറപ്പെടുവിച്ചത്. മതനിന്ദാ നിയമങ്ങള്‍ ഉദ്ധരിച്ചാണ് നടപടിയെങ്കിലും ഇത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.
ലക്ഷത്തിലധികം വരിക്കാരുള്ള തന്റെ യൂട്യൂബ് ചാനലിലൂടെ ക്രൈസ്തവ വിശ്വാസത്തെ സാധൂകരിക്കുന്ന വീഡിയോകള്‍ പ്രസിദ്ധീകരിച്ചതിനാണ് അഗസ്റ്റിനോസ് സമനെതിരെ കേസെടുത്തത്. 2025 ഒക്ടോബറിലായിരുന്നു ഇദ്ദേഹത്തിന്റെ അറസ്റ്റ്.
അഗസ്റ്റിനോസിനെതിരെയുള്ള വിചാരണ നടപടികളില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നതായി മനുഷ്യാവകാശ സംഘടനയായ എഡിഎഫ് ഇന്റർനാഷണല്‍ (ADF International) ചൂണ്ടിക്കാട്ടുന്നു. 2025 ഡിസംബർ 27-ന് നടന്ന വാദം കേള്‍ക്കലില്‍ പ്രതിഭാഗം അഭിഭാഷകരെ അറിയിക്കുക പോലും ചെയ്തിരുന്നില്ല. കൂടാതെ, കേസ് ഫയലുകള്‍ പരിശോധിക്കുന്നതില്‍ നിന്ന് അഭിഭാഷകരെ വിലക്കിയതായും റിപ്പോർട്ടുകളുണ്ട്. 2026 ജനുവരി മൂന്നിന് പുറപ്പെടുവിച്ച വിധി അപ്പീല്‍ കോടതിയും ശരിവച്ചതോടെയാണ് അഗസ്റ്റിനോസിന്റെ ജയില്‍വാസം ഉറപ്പായത്. നിലവില്‍ എഡിഎഫ് ഇന്റർനാഷണലിന്റെ പിന്തുണയോടെ മറ്റൊരു അപ്പീല്‍ കൂടി ഫയല്‍ ചെയ്തിട്ടുണ്ട്.
അഗസ്റ്റിനോസിന്റെ കേസ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് എഡിഎഫ് ഇന്റർനാഷണലിന്റെ ആഗോള മതസ്വാതന്ത്ര്യ ഡയറക്ടർ കെല്‍സി സോർസി പറഞ്ഞു. 2025 ഓഗസ്റ്റ് മുതല്‍ മതപരമായ ഉള്ളടക്കങ്ങള്‍ പങ്കുവച്ചതിന്റെ പേരില്‍ ഈജിപ്തില്‍ നിരവധി പേരെയാണ് ഭരണകൂടം നിരീക്ഷിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലെ മതപരമായ അഭിപ്രായപ്രകടനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ഈജിപ്ഷ്യൻ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, ജനസംഖ്യയുടെ 10 മുതല്‍ 15 ശതമാനം വരെ വരുന്ന ക്രിസ്ത്യൻ ന്യൂനപക്ഷങ്ങള്‍ക്ക് ഇത് പലപ്പോഴും നിഷേധിക്കപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്.

