ഏജൻസികളുടെയോ മറ്റ് മൂന്നാം കക്ഷികളുടെയോ കോണ്‍ടാക്‌ട് വിവരങ്ങള്‍ നല്‍കാൻ ഇനി അനുവദിക്കില്ല
മസ്‌കത്ത് | ടിക്കറ്റ് ബുക്കിംഗില്‍ പുതിയ നിബന്ധന ഏർപ്പെടുത്തി ഒമാൻ എയർ.
ഇനി ഓരോ ബുക്കിംഗിലും യാത്രക്കാരന്റെ സാധുവായ വ്യക്തിഗത ഇ-മെയില്‍ വിലാസവും അന്താരാഷ്ട്ര കണ്‍ട്രി കോഡ് ഉള്‍പ്പെടുന്ന മൊബൈല്‍ ഫോണ്‍ നമ്പറും നിർബന്ധമായും നല്‍കണം.
ഓഗസ്റ്റ് 18 മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നതായി ഒമാൻ എയർ അറിയിച്ചു. ബുക്കിംഗില്‍ നല്‍കുന്ന ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവും യാത്രക്കാരന്റേതോ, യാത്രക്കാരൻ നിയോഗിച്ച കോണ്‍ടാക്‌ട് വ്യക്തിയുടേതോ ആയിരിക്കണം.
ട്രാവല്‍ ഏജൻസികളുടെയോ മറ്റ് മൂന്നാം കക്ഷികളുടെയോ കോണ്‍ടാക്‌ട് വിവരങ്ങള്‍ യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങള്‍ക്ക് പകരമായി നല്‍കാൻ അനുവദിക്കില്ല. പ്രത്യേകിച്ച് ട്രാവല്‍ ഏജൻസികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനി അറിയിച്ചു.
അടിയന്തര അറിയിപ്പുകള്‍ നേരിട്ട് യാത്രക്കാരിലേക്ക്
വിമാന സർവീസിലെ വൈകല്‍, സമയമാറ്റം, റദ്ദാക്കല്‍ തുടങ്ങിയ അടിയന്തര വിവരങ്ങള്‍ യാത്രക്കാരെ നേരിട്ട് അറിയിക്കുന്നതിനാണ് പുതിയ സംവിധാനം. എസ്‌എംഎസ്, വാട്‌സ്‌ആപ്പ്, ഇ-മെയില്‍ തുടങ്ങിയ മാർഗങ്ങളിലൂടെ യാത്രക്കാരുമായി വേഗത്തില്‍ ആശയവിനിമയം നടത്താൻ ഇതിലൂടെ സാധിക്കും.
നേരത്തെ ഇത്തരം വിവരങ്ങള്‍ ട്രാവല്‍ ഏജൻസികളിലൂടെയോ മറ്റ് ഇടനിലക്കാരിലൂടെയോ യാത്രക്കാരിലേക്ക് എത്തിച്ചിരുന്നതിനാല്‍ പ്രധാന അറിയിപ്പുകള്‍ വൈകാനുള്ള സാധ്യതയുണ്ടായിരുന്നു. ഈ പ്രശ്നം കുറയ്ക്കുകയും വിമാനക്കമ്പനിയും യാത്രക്കാരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയുമാണ് പുതിയ നടപടിയുടെ ലക്ഷ്യം.
യാത്രക്കാർ ബുക്കിംഗ് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും ഒമാൻ എയർ നിർദേശിച്ചു. ശരിയായ അന്താരാഷ്ട്ര കണ്‍ട്രി കോഡ് ഇല്ലാത്ത ഫോണ്‍ നമ്പർ, പ്രവർത്തനരഹിതമായ ഇ-മെയില്‍ വിലാസം, അല്ലെങ്കില്‍ യാത്രക്കാരന് പകരം ഏജൻസിയുടെ കോണ്‍ടാക്‌ട് വിവരങ്ങള്‍ എന്നിവ നല്‍കിയാല്‍ പ്രധാന അറിയിപ്പുകള്‍ ലഭിക്കാതെ പോകാൻ സാധ്യതയുണ്ട്.
വിമാന സർവീസുകളിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ കണക്റ്റിംഗ് വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള തുടർയാത്രാ ക്രമീകരണങ്ങളെയും ബാധിക്കാനിടയുള്ളതിനാല്‍ സമയബന്ധിതമായ വിവര കൈമാറ്റം നിർണായകമാണ്.ഒമാൻ എയറിന്റെ വിവിധ ബുക്കിംഗ് ചാനലുകളിലൂടെയുള്ള റിസർവേഷനുകള്‍ക്ക് പുതിയ നിബന്ധന ബാധകമാണ്. യാത്രക്കാരും വിമാനക്കമ്പനിയും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

