ബി ടി എസ് എന്ന ലോകപ്രശസ്ത കെ-പോപ്പ് ബാൻഡ് തങ്ങളുടെ 13-ാം വാർഷികത്തിലേക്ക് കടക്കുകയാണ്. നിർബന്ധിത സൈനിക സേവനത്തെ തുടർന്ന് 2022 മുതല്‍ ഗ്രൂപ്പ് പ്രവർത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്ന ഏഴ് അംഗങ്ങളും ഇപ്പോള്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്.
ജൂണ്‍ 4 മുതല്‍ 13 വരെ നടക്കുന്ന 'ഫെസ്റ്റ 2026' ആഘോഷങ്ങളിലൂടെ ബിടിഎസ് പുതിയൊരു തുടക്കത്തിന് തുടക്കമിടുന്നു. ഫാമിലി പോർട്രെയ്റ്റ്, പുതിയ വിഡിയോകള്‍, ഡിജിറ്റല്‍ റിലീസുകള്‍, ആരാധകർ ഏറെ കാത്തിരുന്ന 'റണ്‍ ബിടിഎസ് 2.0'യുടെ തിരിച്ചുവരവ് എന്നിവയാണ് പ്രധാന ആകർഷണങ്ങള്‍.
ജൂണ്‍ 12, 13 തീയതികളില്‍ ദക്ഷിണ കൊറിയയിലെ ബുസാൻ ഏഷ്യാഡ് മെയിൻ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യേക കണ്‍സേർട്ടോടെയാണ് ആഘോഷങ്ങള്‍ സമാപിക്കുക. സൈനിക ഇടവേളയ്ക്ക് മുമ്പ് അംഗങ്ങള്‍ ഒരുമിച്ച് വേദി പങ്കിട്ട അവസാന സ്ഥലവും ബുസാനായിരുന്നു.
നാല് വർഷത്തെ ഇടവേളയുണ്ടായിട്ടും ബിടിഎസിന്റെ ജനപ്രീതിക്ക് കുറവൊന്നും സംഭവിച്ചില്ല. ടിക്കറ്റുകളും സംഗീത റിലീസുകളും റെക്കോർഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയതോടെ, കൂടുതല്‍ ശക്തമായ തിരിച്ചുവരവാണ് ബാൻഡ് നടത്തിയിരിക്കുന്നത്. ഇനി അവർക്ക് തെളിയിക്കാനോ കീഴടക്കാനോ ഒന്നുമില്ല; സംഗീതത്തിന്റെ പുതിയൊരു അധ്യായം എഴുതാനാണ് ബിടിഎസ് ഒരുങ്ങുന്നത്.

