അബുദാബി എമിറേറ്റിലെ ഗതാഗത ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുസഫ മേഖലയില്‍ കൂടുതല്‍ പണമടച്ചുള്ള (Paid Parking) പാർക്കിങ് മേഖലകള്‍ പ്രഖ്യാപിച്ചു.
ഏപ്രില്‍ 20 മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തില്‍ വരിക. മണിക്കൂറിന് 2 ദിർഹം വീതമാണ് പാർക്കിങ് നിരക്ക്. ദർബ് (Darb), ടാം (TAMM) ആപ്പുകള്‍ വഴിയോ, എസ്‌എംഎസ് വഴിയോ, സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള മെഷീനുകള്‍ വഴിയോ പാർക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്.
മുസഫയിലെ പാർക്കിങ് പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടമാണിത്. M7, M8, M9, M14, M15 എന്നീ സെക്ടറുകളിലായി 10,010 പാർക്കിങ് ഇടങ്ങളാണ് പുതുതായി സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ നിശ്ചിത എണ്ണം പാർക്കിങ് ഇടങ്ങള്‍ നിശ്ചയദാർഢ്യമുള്ളവർക്കായി നീക്കിവെച്ചിട്ടുണ്ട്. അബുദാബിയിലെ പ്രധാന വ്യാവസായ-വാണിജ്യ കേന്ദ്രമായ മുസഫയില്‍ ക്രമരഹിതമായ പാർക്കിങ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനും വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനുമാണ് ഈ നീക്കം.
ജനുവരിയില്‍ ആരംഭിച്ച ആദ്യഘട്ടത്തില്‍ മുസഫയിലെ 5 സെക്ടറുകളിലായി 4,680 പാർക്കിങ് ഇടങ്ങള്‍ പെയ്ഡ് സിസ്റ്റത്തിന് കീഴിലാക്കിയിരുന്നു. കൂടാതെ, മുഹമ്മദ് ബിൻ സായിദ് സിറ്റിയില്‍ (MBZ) നാല് മള്‍ട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങളും അടുത്തിടെ തുറന്നു കൊടുത്തു. പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ മുസഫയിലെ അനധികൃത പാർക്കിങ് കുറയുമെന്നും തൊഴിലാളികള്‍ക്കും സന്ദർശകർക്കും പാർക്കിങ് ലഭിക്കുന്നത് കൂടുതല്‍ എളുപ്പമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

