താരസംഘടനയായ 'അമ്മ'യിലെ (AMMA) ആഭ്യന്തര തർക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി ഭരണസമിതിയില്‍ നിന്ന് പ്രമുഖ ഭാരവാഹികള്‍ രാജിവെച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോയ് മാത്യു, കൈലാഷ്, വൈസ് പ്രസിഡന്റ് ജയൻ ചേർത്തല എന്നിവരാണ് ഒടുവിലായി രാജിക്കത്ത് നല്‍കിയത്. സംഘടന പൊതുജനമധ്യത്തില്‍ അപഹാസ്യമായതിന്റെ പ്രധാന കാരണം താനടക്കമുള്ള ഭരണസമിതിയുടെ പിടിപ്പുകേടാണെന്നും നിലവില്‍ സംഘടന കുത്തഴിഞ്ഞ സംവിധാനമായി മാറിയെന്നും ജോയ് മാത്യു രാജിക്കത്തില്‍ കടുത്ത ഭാഷയില്‍ വിമർശിച്ചു. എന്തിനാണ് സംഘടനയുടെ ഭാരവാഹിത്വത്തില്‍ തുടരുന്നതെന്ന് ജയൻ ചേർത്തലയും ചോദ്യമുയർത്തി.
ശ്വേതാ മേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയില്‍ നിന്നാണ് ഭാരവാഹികളുടെ കൂട്ടരാജി. മറ്റൊരു വൈസ് പ്രസിഡന്റായ ലക്ഷ്മിപ്രിയ നേരത്തെ തന്നെ രാജി നല്‍കിയിരുന്നു. ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബയുടെ രാജിക്ക് പിന്നാലെയാണ് സംഘടനയിലെ ഭിന്നതകള്‍ പരസ്യമായത്. ട്രഷറർ ഉണ്ണി ശിവപാല്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സരയു, വിനു മോഹൻ, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂർ തുടങ്ങിവർ രാജിവെച്ചോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
അതേസമയം, ജനറല്‍ ബോഡിയില്‍ രാജി പ്രഖ്യാപിച്ചെങ്കിലും ശ്വേതാ മേനോൻ അടക്കമുള്ളവർ ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് താല്‍ക്കാലിക അഡ്ഹോക് കമ്മിറ്റി അധ്യക്ഷൻ രമേഷ് പിഷാരടി എം.എല്‍.എ വ്യക്തമാക്കി. ശ്വേത രാജി നല്‍കാത്തത് അവരുടെ കുഴപ്പമാണെന്നും മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച രാജി രേഖാമൂലം നല്‍കേണ്ടത് അവരുടെ ചുമതലയാണെന്നും അഡ്ഹോക് കമ്മിറ്റി അംഗമായ കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചു. എന്നാല്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന സൂചന നല്‍കി ശ്വേതാ മേനോൻ ഫെയ്‌സ്ബുക്കില്‍ കുറിച്ചതോടെ സംഘടനയിലെ പ്രതിസന്ധി കൂടുതല്‍ സങ്കീർണ്ണമായിരിക്കുകയാണ്.

