സ്വർണ്ണക്കടത്ത് ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
എന്നാല്‍ കാപ്പ ചുമത്തിയതിനാലും മറ്റ് കേസുകള്‍ നിലനില്‍ക്കുന്നതിനാലും അർജുൻ ജയിലില്‍ തന്നെ തുടരും.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടർ അർജുനെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ഏഴ് വർഷത്തിനിടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും ജാമ്യത്തിലിറങ്ങിയാല്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
നിലവില്‍ തലശ്ശേരി സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന അർജുനെ കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റാൻ പൊലീസ് അപേക്ഷ സമർപ്പിച്ചു. നടപടികള്‍ പൂർത്തിയാക്കി പ്രതിയെ കരുതല്‍ തടങ്കലില്‍ പാർപ്പിക്കും.

