Dailyhunt
ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ നിയന്ത്രണം

ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ നിയന്ത്രണം

Radio Keralam 5 days ago

വേനല്‍ക്കാലത്തെ കഠിനമായ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായുള്ള ഉച്ചവിശ്രമ നിയമം ബഹ്‌റൈൻ പ്രഖ്യാപിച്ചു.

ഈ വർഷം ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് 4 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന തരത്തിലുള്ള പുറംജോലികള്‍ക്കാണ് നിരോധനം. ഔദ്യോഗിക ഗസറ്റിലൂടെയാണ് തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 15 വരെ നീണ്ടുനിന്ന നിരോധന കാലയളവില്‍ ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 31-ഓടെ ഇത്തവണ നിയന്ത്രണം അവസാനിക്കും. അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌, ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തൊഴിലുടമകള്‍ ശ്രദ്ധിക്കാൻ:

  • ജോലി സമയം വ്യക്തമാക്കുന്ന ഷെഡ്യൂള്‍ തൊഴിലിടങ്ങളില്‍ എല്ലാവർക്കും കാണാൻ പാകത്തില്‍ പ്രദർശിപ്പിക്കണം.
  • തൊഴിലാളികള്‍ക്ക് സുരക്ഷിതമായ വിശ്രമ കേന്ദ്രങ്ങളും ആവശ്യത്തിന് കുടിവെള്ളവും മറ്റ് പാനീയങ്ങളും ഉറപ്പാക്കണം.
  • വായുസഞ്ചാരമുള്ള തൊഴിലിടങ്ങളും വെയിലില്‍ നിന്ന് രക്ഷ നേടാൻ കുടകളും അനുയോജ്യമായ വസ്ത്രങ്ങളും നല്‍കണം.

ഗ്യാസ്-ഓയില്‍ മേഖല, അടിയന്തര പൊതുസേവന വിഭാഗങ്ങള്‍, അറ്റകുറ്റപ്പണികള്‍ നടത്തുന്നവർ, ബീച്ചുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും സുരക്ഷാ ജീവനക്കാർ എന്നിവർക്ക് നിബന്ധനകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. ലേബർ ഇൻസ്പെക്ടർമാർ തൊഴിലിടങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തും. കഴിഞ്ഞ വർഷം 35,050 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 99.97 ശതമാനം പേരും നിയമം പാലിച്ചിരുന്നു. നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam