ബലിപെരുന്നാള്‍ പ്രമാണിച്ച് ബഹ്‌റൈനിലെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്ന 226 തടവുകാർക്ക് രാജാവ് ഹമദ് ബിൻ ഈസ ആല്‍ ഖലീഫ രാജകീയ മാപ്പ് പ്രഖ്യാപിച്ചു.
ശിക്ഷാകാലാവധിയില്‍ ഇളവ് ലഭിച്ചവർക്ക് പുറമെ, ബദല്‍ ശിക്ഷാനിയമത്തിന്റെ ആനുകൂല്യം ലഭിച്ച ചിലരും മോചിതരാകുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്.
വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെടുകയും തടവുശിക്ഷയുടെ നിശ്ചിത കാലാവധി പൂർത്തിയാക്കുകയും ചെയ്തവർക്കാണ് മാനുഷിക പരിഗണന മുൻനിർത്തി പൊതുമാപ്പ് നല്‍കിയത്. ഓരോ ആഘോഷവേളകളിലും തടവുകാർക്ക് മാപ്പ് നല്‍കുന്ന ഹമദ് രാജാവിന്റെ കാരുണ്യപ്രവർത്തികളുടെ തുടർച്ചയായാണ് ഈ നടപടി.
ശിക്ഷിക്കപ്പെട്ടവർക്ക് തങ്ങളുടെ തെറ്റുകള്‍ തിരുത്താനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാനും, രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന സമഗ്ര വികസന മുന്നേറ്റങ്ങളില്‍ പങ്കാളികളാകാനുമുള്ള വലിയൊരു അവസരമാണ് ഈ രാജകീയ ഉത്തരവിലൂടെ ലഭ്യമാകുന്നത്. പെരുന്നാള്‍ ദിനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവർ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് മോചനം ലഭിച്ചവരുടെ ബന്ധുക്കള്‍.

