നടൻ മോഹൻലാല്‍ തന്റെ ഭാര്യ സുചിത്രയുടെ അറുപതാം പിറന്നാള്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷമാക്കി. മോഹൻലാലിന്റെ വിശ്വസ്തനും പ്രമുഖ നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണിയാണ് ഈ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ ഒരു വിഡിയോ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
സിംഗപ്പൂരില്‍ വെച്ച് നടന്ന വളരെ ലളിതവും മനോഹരവുമായ ഈ ചടങ്ങില്‍ ഒരുപിടി അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ മോഹൻലാല്‍, സുചിത്ര, ആന്റണി പെരുമ്പാവൂർ, ശാന്തി എന്നിവർ ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങളുണ്ട്. ഏറ്റവും പ്രിയപ്പെട്ട സുചിച്ചേച്ചിക്ക് ജന്മദിനാശംസകള്‍ എന്ന സ്നേഹം നിറഞ്ഞ കുറിപ്പോടെയാണ് ശാന്തി വിഡിയോ പോസ്റ്റ് ചെയ്തത്. ഈ വിഡിയോ ഇതിനോടകം തന്നെ ആരാധകർക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
"ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചേച്ചിക്ക്, ഒരായിരം ജന്മദിനാശംസകള്‍. ഒത്തിരി പ്രാർത്ഥനകളോടെ".- ആശംസകള്‍ നേർന്ന് ആന്റണി പെരുമ്പാവൂർ കുറിച്ചു. ആഘോഷ വേദിയില്‍ '60' എന്ന് വലിയ അക്ഷരത്തില്‍ ബലൂണുകള്‍ കൊണ്ട് എഴുതിവച്ചിരിക്കുന്നത് കാണാം. സുചിത്രയുടെ പിറന്നാള്‍ ആഘോഷം ഏറെ സവിശേഷമായിരുന്നുവെന്ന് ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
രാവിലെ ആശംസകള്‍ നേർന്ന് മോഹൻലാല്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. "പുഞ്ചിരി, കരുത്ത്, ദയ… നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങള്‍ക്കും… ജന്മദിനാശംസകള്‍ എന്റെ പ്രണയമേ".- എന്നാണ് മോഹൻലാല്‍ സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

