ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലേറെ പ്രസാധകർ പങ്കെടുക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുപ്പത്തിയഞ്ചാം പതിപ്പ് മെയ് 14-ന് ആരംഭിക്കും.
ദോഹ എക്‌സിബിഷൻ ആന്റ് കണ്‍വൻഷൻ സെന്ററില്‍ (DECC) പത്തു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 36 രാജ്യങ്ങളുടെ സാന്നിധ്യമുണ്ടാകും. ഇന്ത്യയില്‍ നിന്നടക്കം 515 പ്രസാധകരും വിവിധ സ്ഥാപനങ്ങളും പങ്കെടുക്കുന്ന മേള മെയ് 23 വരെയാണ് തുടരുക.
മേളയില്‍ ആകെ 910 സ്റ്റാളുകളാണ് ഒരുങ്ങുന്നത്. വിവിധ മന്ത്രാലയങ്ങള്‍, ഗവണ്മെന്റ് സ്ഥാപനങ്ങള്‍, എംബസികള്‍ എന്നിവയുടെ പങ്കാളിത്തവും ഇത്തവണയുണ്ടാകും. ‘കൊത്തുപണിയില്‍ നിന്ന് എഴുത്തിലേക്ക്’ എന്നതാണ് ഇത്തവണത്തെയും പ്രമേയം. പുസ്തക പ്രദർശനത്തിനും വില്‍പനയ്ക്കും പുറമേ എഴുത്തുകാർ പങ്കെടുക്കുന്ന പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ശില്പശാലകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. കുട്ടികള്‍ക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു മണി വരെയാണ് സന്ദർശക സമയം. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് മൂന്നു മുതല്‍ രാത്രി പത്തു വരെയായിരിക്കും പ്രവേശനം. 1972-ല്‍ കേവലം 20 പ്രസാധകരുമായി തുടക്കം കുറിച്ച ഈ മേള, മേഖലയിലെ ആദ്യത്തെ പുസ്തകോത്സവമാണ്. 2002 മുതലാണ് ഇത് പ്രതിവർഷം നടത്താൻ തുടങ്ങിയത്.

