കർണാടകത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്താനിരിക്കെ, പ്രവചനവുമായി ജ്യോതിഷി.
2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ശിവകുമാർ തന്നെ അധികാരത്തിലെത്തുമെന്ന് ഡി കെ ശിവകുമാറിൻ്റെ ജ്യോതിഷിയായ ദ്വാരകാനാഥ് ഗുരുജി പറഞ്ഞു. ശിവകുമാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനായി മൂന്ന് തീയതികള്‍ കുറിച്ചു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. മെയ് 31, ജൂണ്‍ അഞ്ച്, ആറ് എന്നീ തീയതികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാൻ ഉത്തമമാണെന്നാണ് ജ്യോതിഷിയുടെ നിർദേശം.ശിവകുമാറിൻ്റേത് ഉത്തമ ജാതകമാണെന്നും ദീർഘകാലം മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്നും ജ്യോതിഷി പറഞ്ഞു. “അദ്ദേഹം ഒരു ദിവസത്തെ മുഖ്യമന്ത്രിയോ ഒരു തവണ മാത്രം മുഖ്യമന്ത്രിയാകുന്ന ആളോ അല്ല. അദ്ദേഹം ഒരു നീണ്ട ഇന്നിങ്സ് തന്നെ കളിക്കും. അദ്ദേഹത്തിന്റെ ജാതകം വളരെ മികച്ചതാണ്. ദീർഘകാലം അദ്ദേഹം കർണാടകയ്‌ക്കൊപ്പമുണ്ടാകും”- ജ്യോതിഷി പറഞ്ഞു
അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം ശിവകുമാർ വിജയിക്കണം. അപ്പോള്‍ മാത്രമേ അദ്ദേഹം യഥാർത്ഥ മുഖ്യമന്ത്രിയാകൂ. ഇപ്പോള്‍, അദ്ദേഹം ഉത്തരവാദിത്തങ്ങളാല്‍ ഭാരപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. അടുത്ത തവണ മുഖ്യമന്ത്രി പദം ആസ്വദിക്കാമെന്നും ജ്യോതിഷി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചതോടെ കർണാടകത്തില്‍ സർക്കാർ രൂപീകരണത്തിന് തിരക്കിട്ട ചർച്ചകള്‍ പുരോഗമിക്കുകയാണ്.
ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ശനിയാഴ്ച രാവിലെ ശിവകുമാർ കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ മൂന്നിനോ അഞ്ചിനോ സത്യപ്രതിജ്ഞ നടത്താനാണ് ഡി കെ ശിവകുമാറിൻ്റെ നീക്കം. വിധാൻ സൗധയിലോ ലോക് ഭവനിലോ ആകും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

