ജപ്പാനിലെ ടോക്കിയോയില്‍ കാർ പ്രേമികള്‍ക്കായി പുതിയ അനുഭവവുമായി എത്തിയിരിക്കുകയാണ് ഊബർ. 'ഊബർ ഡ്രിഫ്റ്റ്' എന്ന പേരിലുള്ള ഈ സേവനം വഴി പ്രൊഫഷണല്‍ ഡ്രൈവർമാർക്കൊപ്പം റേസിങ് ട്രാക്കില്‍ ഡ്രിഫ്റ്റിങ് അനുഭവിക്കാം.
ടോക്കിയോയില്‍ നിന്ന് ആരംഭിക്കുന്ന പകുതി ദിവസത്തെ പാക്കേജില്‍ ആഡംബര ഊബർ ബ്ലാക്ക് വാനില്‍ യാത്ര ചെയ്ത് മൊബാര ട്വിൻ സർക്യൂട്ട് റേസിങ് ട്രാക്കിലെത്തും. തുടർന്ന് പ്രൊഫഷണല്‍ ഫോർമുല ഡ്രിഫ്റ്റ് ഡ്രൈവർമാർക്കൊപ്പം നിസാൻ സില്‍വിയ എസ്15, നിസാൻ 180 എസ്‌എക്‌സ് പോലുള്ള പ്രശസ്ത കാറുകളില്‍ ഡ്രിഫ്റ്റിങ് ആസ്വദിക്കാം.
ഒരു മുതല്‍ നാല് പേർ വരെയുള്ള ഗ്രൂപ്പുകള്‍ക്ക് പങ്കെടുക്കാം. യാത്രക്കാർക്ക് ഒറ്റയ്ക്കോ സംഘമായോ ട്രാക്കില്‍ ഡ്രിഫ്റ്റിങ് അനുഭവിക്കാം. സുരക്ഷയ്ക്കായി ഫുള്‍ സ്ലീവ് ഷർട്ട്, പാന്റ്, ഷൂ, ഹെല്‍മറ്റ് എന്നിവ ധരിക്കേണ്ടതുണ്ട്.
2026 ജൂണ്‍ 3 മുതല്‍ ജൂലൈ 1 വരെയാണ് ഊബർ ഡ്രിഫ്റ്റ് നടക്കുക. ഒരു ഗ്രൂപ്പിന് 30,000 ജാപ്പനീസ് യെൻ (ഏകദേശം 18,000 രൂപ) ആണ് നിരക്ക്. ഒരു ദിവസം നാല് ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് അവസരം.
ഊബർ ആപ്പിലെ 'ഊബർ ഡ്രിഫ്റ്റ്' ഓപ്ഷൻ വഴി ബുക്കിങ് നടത്താം. പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഊബർ ഈ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്

