ആവേശം അണപൊട്ടിയ 72-ാമത് നെഹ്‌റു ട്രോഫി ജലമേളയില്‍ പുന്നമട കായലിന്റെ പുതിയ രാജാക്കന്മാരായി അരോമ ചുണ്ടൻ. കൊല്ലത്ത് നിന്നുള്ള ബോട്ട് ക്ലബാണ് അരോമ.
കന്നിയങ്കത്തില്‍ തന്നെ കിരീടത്തില്‍ മുത്തമിട്ട് അരോമ പുന്നമടയില്‍ പുതിയ ചരിത്രം കുറിച്ചു. നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിലാദ്യമായാണ് കൊല്ലം ജില്ലയില്‍ നിന്നുള്ള ഒരു ടീം ട്രോഫി സ്വന്തമാക്കുന്നത്.
അവസാന നിമിഷം വരെ നെഞ്ചിടിപ്പേറിയ ഫോട്ടോ ഫിനിഷില്‍, 4 മിനിറ്റ് 23.328 സെക്കൻഡ് എന്ന മിന്നല്‍ വേഗതയില്‍ ഫിനിഷിങ് പോയിന്റ് തൊട്ടാണ് അരോമ ജലകിരീടം ചൂടിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കരുത്തരായ നടുഭാഗം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്കും, നിലവിലെ ചാമ്പ്യന്മാരായ വീയപുരം ചുണ്ടനെ മൂന്നാം സ്ഥാനത്തേക്കും തള്ളിയാണ് അരോമയുടെ ചരിത്ര വിജയം. കഴിഞ്ഞ ചമ്പക്കുളം മൂലം വള്ളംകളിയിലും അരോമ കിരീടം ചൂടിയിരുന്നു.
22 ചുണ്ടൻ വള്ളങ്ങള്‍ ഉള്‍പ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ പുന്നമടയില്‍ മാറ്റുരച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാനിമോള്‍ ഉസ്മാൻ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു.

