ലോകമെമ്പാടും കൊടുംചൂട് വലിയ ഭീഷണിയാകുന്ന സാഹചര്യത്തില്‍, വേനലിനെ പ്രതിരോധിക്കാൻ വേറിട്ട കണ്ടുപിടിത്തവുമായി ജപ്പാൻ.
മനുഷ്യർക്ക് കയറിയിരിക്കാവുന്ന രീതിയിലുള്ള പ്രത്യേക ഫ്രിഡ്ജാണ് ജപ്പാൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ‘ഡു ഹീമോണ്‍ ബോക്സ്’ (Do Hemon Box) എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം, കടുത്ത ചൂടില്‍ ജോലി ചെയ്യുന്നവർക്കും ഹീറ്റ് സ്ട്രോക്ക് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
വലിയൊരു സ്റ്റെയിൻലെസ് സ്റ്റീല്‍ ഫ്രിഡ്ജിന്റെ രൂപത്തിലുള്ള ഈ ബോക്സിനുള്ളില്‍ കയറി വാതിലടച്ചാല്‍, തല, കഴുത്ത്, തോള്‍ എന്നിവിടങ്ങളിലേക്ക് തണുത്ത വായു ശക്തമായി വീശും. 15 ഡിഗ്രി സെല്‍ഷ്യസ് താപനില നിലനിർത്തുന്ന ഈ ഉപകരണം 5 ഡിഗ്രി സെല്‍ഷ്യസ് തണുത്ത വായുവാണ് ഉള്ളിലേക്ക് കടത്തിവിടുന്നത്. ഇത് നിമിഷങ്ങള്‍ക്കകം ശരീര താപനില കുറയ്ക്കാൻ സഹായിക്കും.
ജപ്പാനിലെ ‘ട്രസ്കോ നകയാമ കോർപറേഷൻ’ ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഏകദേശം 15 ലക്ഷം യെൻ (ഏകദേശം 9.04 ലക്ഷം ഇന്ത്യൻ രൂപ) ആണ് ഇതിന്റെ വില. വിപണിയിലിറങ്ങിയത് മുതല്‍ സ്റ്റീല്‍ ഫാക്ടറികള്‍, നിർമ്മാണ മേഖലകള്‍, ഗോള്‍ഫ് കോഴ്‌സുകള്‍, സർവ്വകലാശാലകള്‍ എന്നിവടങ്ങളിലായി 200-ഓളം യൂണിറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. അടുത്തിടെ കുമമോട്ടോയിലുണ്ടായ ഭൂചലനത്തിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളിലും ഇത് എത്തിച്ചിരുന്നു. ജർമ്മനി, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഈ ഉപകരണത്തിനായി അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

