ലോക ജിയു-ജിറ്റ്‌സു ചാമ്പ്യൻഷിപ്പിന് (World Ju-Jitsu Championship) ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി അബുദാബി. വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ സുഗമമായ നടത്തിപ്പിനായുള്ള പ്രവർത്തന രൂപരേഖയ്ക്ക് സംഘാടക സമിതി അംഗീകാരം നല്‍കി.
ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്പത് വരെ അബുദാബിയിലെ പ്രശസ്തമായ മുബാദല അരീനയിലാണ് ലോക ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. ജിയു-ജിറ്റ്‌സു ഇന്റർനാഷണല്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ വൻകിട കായിക മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് അത്‌ലറ്റുകള്‍ പങ്കെടുക്കും.
ഏറ്റവും ഉയർന്ന സംഘാടക സാങ്കേതിക നിലവാരത്തില്‍ ടൂർണമെന്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ സംഘാടക സമിതി കഴിഞ്ഞ ദിവസം മുബാദല അരീനയില്‍ പ്രത്യേക യോഗം ചേർന്നിരുന്നു. സംഘാടക സമിതി ചെയർമാൻ യൂസഫ് അബ്ദുല്ല അല്‍ ബത്റാൻ, ഫെഡറേഷൻ ജനറല്‍ സെക്രട്ടറി ഫഹദ് അലി അല്‍ ശംസി, സമിതി അംഗം താരിഖ് അല്‍ ബഹ്രി, ഫെഡറേഷൻ പ്രതിനിധി കോണ്‍സ്റ്റാന്റിൻ പാവ്‌ലെങ്കോ തുടങ്ങിയ പ്രമുഖർ യോഗത്തില്‍ സംബന്ധിച്ചു. അന്താരാഷ്ട്ര തലത്തില്‍ യു.എ.ഇയുടെ കായിക പെരുമ ഉയർത്തുന്ന രീതിയിലാണ് ചാമ്പ്യൻഷിപ്പിന്റെ ക്രമീകരണങ്ങള്‍ പൂർത്തിയാക്കുന്നത്.

