മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. കെ.എം ബഷീറിന്റെ ഭാര്യ സി.
ജസീല സമർപ്പിച്ച ഹർജിയിലാണ് നടപടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി നിർദേശം.
വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസീല ഹൈക്കോടതിയെ സമീപിച്ചത്. പ്രതിഭാഗം അഭിഭാഷകന്റെ താല്‍പ്പര്യപ്രകാരമാണ് കോടതി മാറ്റിയതെന്നാണ് ഹർജിയിലെ ആരോപണം. വിചാരണ നീതിപൂർവം നടക്കുമോ എന്ന ആശങ്കയും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കേസ് പരിഗണിച്ച തിരുവനന്തപുരം സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യം.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് പുലർച്ചെ ശ്രീറാം വെങ്കട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് സിറാജ് പത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം ബഷീർ മരിച്ചത്. കേസിലെ ഏക പ്രതിയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമൻ. വാഹനമോടിക്കുമ്പോള്‍ ശ്രീറാം മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

