മണിപ്പൂരില്‍ ഭീകരവാദികള്‍ നടത്തിയ അതിശക്തമായ ആക്രമണത്തില്‍ രണ്ട് അസം റൈഫിള്‍സ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. അസം റൈഫിള്‍സ് വാറന്റ് ഓഫീസർ ബല്‍വർ സിങ്, ഹവില്‍ദാർ സി.എം.
സിങ് എന്നിവരാണ് രാജ്യത്തിനായി ജീവൻ വെടിഞ്ഞത്. ദേശീയ പാത 202-ലൂടെ നീങ്ങുകയായിരുന്ന അസം റൈഫിള്‍സ് വാഹനവ്യൂഹത്തിന് നേരെ ഇന്നലെ ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. തന്ത്രപരമായി ഒളിച്ചിരുന്ന ഭീകരവാദികള്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ കനത്ത വെടിവെപ്പ് നടത്തുകയായിരുന്നു. ഭീകരാക്രമണത്തെ മണിപ്പൂർ മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ അപലപിച്ചു. വിവരമറിഞ്ഞ് കൂടുതല്‍ സൈനികർ സംഭവസ്ഥലത്തെത്തി പ്രദേശം സുരക്ഷാ വലയത്തിലാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുക്കി വിഭാഗക്കാർ നാഗാ വിഭാഗത്തില്‍പ്പെട്ട ആറ് പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ തുടർന്ന് മണിപ്പൂരില്‍ അതീവ ഗുരുതരമായ രാഷ്ട്രീയ-ക്രമസമാധാന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണോ സൈന്യത്തിന് നേരെയുണ്ടായ ആക്രമണമെന്നും സംശയിക്കുന്നുണ്ട്.
നിലവില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളിലെ പ്രധാന ദേശീയപാതകളില്‍ കുക്കി, നാഗാ ഗ്രൂപ്പുകള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതവും ചരക്കുനീക്കവും പൂർണ്ണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മേഖലയില്‍ സുരക്ഷ ഉറപ്പാക്കാനും പരിശോധനകള്‍ നടത്താനുമായി പോയ അസം റൈഫിള്‍സ് സംഘത്തിന് നേരെയാണ് അപ്രതീക്ഷിതമായി ഭീകരർ ആക്രമണം അഴിച്ചുവിട്ടത്.

