സൗദി അറേബ്യയിലെ വിവിധ സർക്കാർ ഓഫിസുകള്‍ തമ്മില്‍ ഔദ്യോഗിക രേഖകളും വിവരങ്ങളും കൈമാറാൻ ഉപയോഗിച്ചിരുന്ന 'മുറാസലാത്ത്' ഇലക്‌ട്രോണിക് സംവിധാനം പൂർണമായും നിർത്തലാക്കുന്നു.
പകരം കൂടുതല്‍ ആധുനികമായ 'ദേശീയ സർക്കാർ സന്ദേശമയക്കല്‍ പ്ലാറ്റ്‌ഫോം' നടപ്പാക്കാൻ സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സല്‍മാൻ രാജാവിന്റെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. വാർത്താവിനിമയ-വിവരസാങ്കേതികവിദ്യ മന്ത്രിയും ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി ചെയർമാനുമായ ഉദ്യോഗസ്ഥൻ നല്‍കിയ നിർദേശത്തെ തുടർന്നാണ് ഈ മാറ്റം. സൗദി അറേബ്യയുടെ ഔദ്യോഗിക പത്രമായ ‘ഉമ്മുല്‍ ഖുറാ’യിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
സൗദിയുടെ ഔദ്യോഗിക ഇ-ഗവണ്‍മെന്റ് പ്രോഗ്രാമായ ‘യസ്സർ’ നിർമ്മിച്ച് പ്രവർത്തിപ്പിച്ചിരുന്ന മുറാസലാത്ത് സംവിധാനമാണ് ഒട്ടനവധി സർക്കാർ സ്ഥാപനങ്ങള്‍ പരസ്പരം ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്നത്. പേപ്പർരഹിതമായി ഫയലുകളും കത്തുകളും സുരക്ഷിതമായി അയക്കാനും അവ ട്രാക്ക് ചെയ്യാനും സഹായിച്ചിരുന്ന പ്ലാറ്റ്‌ഫോമിന് പകരമായാണ് ഇനി ആധുനിക രീതിയിലുള്ള പുതിയ ദേശീയ സംവിധാനം നിലവില്‍ വരുന്നത്.

