പശ്ചിമ ബംഗാളിലെ മൂർഷിദാബാദില്‍ ലെനിൻ പ്രതിമയുടെ തല തകർത്ത നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.സംഭവത്തില്‍ സിപിഎം പ്രവർത്തകർ നല്‍കിയ പരാതിയെ തുടർന്ന് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി സിപിഎം ഔദ്യോഗിക എക് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു.
അക്രമത്തിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.
മൂർഷിദാബാദിലെ ജിയാഗഞ്ച് മേഖലയില്‍ മെയ് അഞ്ചിന് രാത്രിയിലാണ് അക്രമം നടന്നതെന്നാണ് സിപിഎം പറയുന്നത്. ബിജെപി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. സിപിഎം പതാകകളുമായി പ്രവർത്തകർ പ്രതിഷേധിക്കുന്ന വീഡിയോ സഹിതം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുള്ള ലെനിൻ പ്രതിമയുടെ തല തകർത്ത നിലയിലാണ്. മെയ് എട്ടിന് പ്രതിമ പുനർനിർമിക്കുമെന്ന് സിപിഎം അറിയിച്ചു.

