സംസ്ഥാനത്ത് വീണ്ടും അവയവദാനം. കണ്ണൂരില്‍ വാഹനാപകടത്തില്‍പ്പെട്ട് മസ്തിഷ്‌കമരണം സംഭവിച്ച 23 കാരന്റെ ഹൃദയം എയർ ആംബുലൻസില്‍ കൊച്ചിയിലെത്തിച്ചു.
കണ്ണൂർ ആസ്റ്റർ മിംസില്‍ നിന്ന് രാവിലെ 9.30ഓടെയാണ് ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോയത്. സർക്കാർ എയർ ആംബുലൻസ് ഉപയോഗിച്ചാണ് അവയവം 50 മിനിറ്റിനുള്ളില്‍ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ഹെലിപാഡില്‍ എത്തിച്ചത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു. 48 കാരനായ മലപ്പുറം സ്വദേശിക്കാണ് ഹൃദയം മാറ്റിവെക്കുന്നത്.23 കാരന്റെ ഹൃദയമടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്തത്. കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു.ബുധനാഴ്ച രാത്രി കണ്ണൂർ വളക്കൈയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബം അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു

