2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, പരീക്ഷകള്‍, അവധികള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, മാതൃക പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേര്‍ന്നാണ് പുറത്തിറക്കിയത്.
എല്‍പി സ്കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിട്ടുണ്ട്. യുപി, എച്ച്‌എസ് വിഭാഗങ്ങളില്‍ അഞ്ച് ശനിയാഴ്ചകള്‍ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും. ഓഗസ്റ്റ് 10 മുതല്‍ 21 വരെയായിരിക്കും ഓണ പരീക്ഷ. ഓഗസ്റ്റ് 21ന് ഓണാവധിക്ക് സ്കൂള്‍ അടയ്ക്കും. ഓഗസ്റ്റ് 31നായിരിക്കും അവധിക്ക് ശേഷം സ്കൂള്‍ തുറക്കുന്നത്. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 10ന് തുടങ്ങി 18ന് അവസാനിക്കും.
ഡിസംബര്‍ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂള്‍ അടയ്ക്കുക. ഡിസംബര്‍ 28ന് സ്കൂള്‍ തുറക്കും. പ്ലസ് ടൂ പ്രാക്ടിക്കല്‍ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്‌എസ്‌എല്‍സി പരീക്ഷകള്‍- 2027 മാർച്ചിലും നടക്കും. പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകള്‍- മാർച്ച് 2 ന് ആരംഭിച്ച് 29ന് അവസാനിക്കും.

