ചെന്നൈയിലെ വണ്ടലൂർ മൃഗശാലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ട് ദിവസത്തേക്ക് അടച്ചിടും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ആണ് ജലപക്ഷികളില്‍ എച്ച്5എൻ1 ഏവിയൻ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്.
ഒക്ടോബർ 21നാണ് പക്ഷികളില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് മൃഗശാലയില്‍ അണുനശീകരണം, ശുചീകരണം, ജൈവസുരക്ഷാ നടപടികള്‍ എന്നിവ ശക്തമാക്കി. കേന്ദ്രസർക്കാർ മാർഗനിർദേശങ്ങള്‍ അനുസരിച്ചാണ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങള്‍ ഊർജിതമാക്കുന്നതിനുമാണ് മൃഗശാല താല്‍ക്കാലികമായി അടച്ചിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഒക്റ്റോബർ മൂന്ന് മുതല്‍ ഒൻപത് വരെ മൃഗശാലയിലെ പക്ഷി സങ്കേതത്തില്‍ ഏഴ് ജലപക്ഷികള്‍ ചത്തിരുന്നു. നാല് പെയിന്‍റഡ് സ്റ്റോർക്കുകള്‍, ഒരു ഗ്രേ പെലിക്കൻ, ഒരു ഗ്രേ ഹെറോണ്‍, ഒരു ഓറിയന്‍റല്‍ ഡാർട്ടർ എന്നിവയാണ് ചത്തത്. ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് എച്ച്5എൻ1 രോഗബാധ സ്ഥിരീകരിച്ചത്.
ആദ്യ പക്ഷി ചത്തതിനു പിന്നാലെ പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ശേഷിക്കുന്ന പക്ഷികളുടെയും മറ്റ് മൃഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ജൈവസുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

