പ്രൈം വീഡിയോയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും പരസ്യരഹിതമായി ഉള്ളടക്കം കാണുന്നതിന് വരിക്കാരില്‍ നിന്ന് അധിക തുക ഈടാക്കുകയും ചെയ്തതിനെ തുടർന്ന് ആമസോണ്‍ ഓസ്‌ട്രേലിയക്കെതിരെ നിയമനടപടി.
പരസ്യങ്ങളില്ലാത്ത പ്ലാനുകള്‍ വിപണിയിലുണ്ടായിരുന്ന സമയത്ത് വാർഷിക വരിസംഖ്യ മുൻകൂട്ടി അടച്ചവർക്കും നിർബന്ധിതമായി പരസ്യങ്ങള്‍ കാണിച്ചതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കണ്‍സ്യൂമർ കമ്മീഷൻ (ACCC) ആണ് ആമസോണിന്റെ അന്യായമായ കരാർ വ്യവസ്ഥകള്‍ക്കെതിരെ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
2024 ജൂലൈയിലാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിത്തുടങ്ങിയത്. വാർഷിക അംഗത്വത്തിനായി 79 ഓസ്‌ട്രേലിയൻ ഡോളർ മുൻകൂട്ടി നല്‍കിയ വരിക്കാർക്ക് പോലും ഇതോടെ പരസ്യങ്ങള്‍ കാണേണ്ടി വന്നു. പരസ്യങ്ങള്‍ ഒഴിവാക്കണമെങ്കില്‍ പ്രതിമാസം 2.99 ഓസ്‌ട്രേലിയൻ ഡോളർ അധികം നല്‍കണമെന്നായിരുന്നു കമ്പനിയുടെ നിബന്ധന. 2023 നവംബർ ഒന്നിനും 2025 ഓഗസ്റ്റ് 18-നും ഇടയില്‍ പത്തുലക്ഷത്തിലധികം വാർഷിക പ്രൈം വരിക്കാരെ ഈ മാറ്റം ബാധിച്ചുവെന്നാണ് എസിസിസിയുടെ കണക്ക്. പണം നല്‍കിയ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തതിലും കുറഞ്ഞ നിലവാരത്തിലുള്ള സേവനമാണ് നല്‍കിയതെന്ന് റെഗുലേറ്റർ ചൂണ്ടിക്കാട്ടുന്നു.
ഉപഭോക്താക്കള്‍ക്ക് യാതൊരു നഷ്ടപരിഹാരവും നല്‍കാതെ സേവനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താൻ കമ്പനിയെ അനുവദിക്കുന്ന അഞ്ച് അന്യായ വ്യവസ്ഥകള്‍ ആമസോണ്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് എസിസിസിയുടെ ആരോപണം. ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച കേസില്‍, കമ്പനിക്കെതിരെ വൻ സാമ്പത്തിക പിഴ ഈടാക്കാനും വരിക്കാർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുമാണ് റെഗുലേറ്ററുടെ നീക്കം. അതേസമയം, കേസ് പരിശോധിച്ചുവരികയാണെന്നും റെഗുലേറ്ററുമായി പൂർണ്ണമായി സഹകരിക്കുമെന്നും ആമസോണ്‍ ഓസ്‌ട്രേലിയ വ്യക്തമാക്കി.

